പഠനവും വിനോദവും സമന്വയിച്ച് പാസ് വേഡ് ക്യാമ്പ്

കുട്ടികളിൽ നവ്യാനുഭവം പകർന്ന് ഏകദിന ക്യാംപ്
കാസര്‍കോട്: പഠനവും വിനോദവും സമന്വയിപ്പിച്ച് കൊടിയമ്മ ഗവ.ഹൈസ്കൂൾ പത്താം തരം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'പാസ് വേഡ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാംപ് എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ന്യുനപക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ ഷിറിയ പുഴയോരത്തെ റിസോർട്ടിൽ സംഘടിപ്പിച്ച ഏകദിന ക്യാംപ് കുട്ടികളിൽ വേറിട്ട അനുഭവം സമ്മാനിച്ചു.
പരീക്ഷയെ പേടിയും മാനസിക പിരിമുറുക്കവും മറികടക്കാൻ കളിച്ചും രസിച്ചും ചിരി പടർത്തിയും വിദ്യാർഥികൾ ക്യാംപ് ആസ്വദിച്ചു. മൈനോറിറ്റി യൂത്ത് ട്രൈനിങ് സെൻ്റർ പ്രിൻസിപ്പൽ ഡോ.ഗീത ക്യാംപ് വിശദീകരണം നടത്തി.മൈനോറിറ്റി സെൽ ജൂനിയർ സൂപ്രണ്ട് ബിന്ദു തോമസ്, അബ്ദുൽ റഹിമാൻ, നിർമ്മർ കുമാർ കാടകം, നിസാർ പെർവാട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ മഞ്ചേശ്വരം താലൂക്ക് ഓഫീസ് ക്ലർക്ക് കെ.അനസ്, കൊടിയമ്മ യു.പി സ്കൂൾ അധ്യാപിക ഫാത്തിമത്ത് ഹനീന എന്നിവർ കുട്ടികളുമായി അനുഭവങ്ങൾ പങ്ക് വെച്ചു. പി.ടി.എ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.