ദേശീയ വിര വിമുക്തദിനം; വിരഗുളിക വിതരണം ചെയ്യും

കുട്ടികളിലെ വിരശല്യം ഒഴിവാക്കി അവരുടെ ആരോഗ്യവും ഉന്‍മേഷവും ഏകാഗ്രതയും വീണ്ടെടുക്കാന്‍ ദേശീയ വിരവിമുക്ത ദിനമായ 17ന് ജില്ലയില്‍ വിരഗുളിക (ആല്‍ബന്‍ഡസോള്‍) വിതരണം ചെയ്യും. ഒന്നു മുതല്‍ 19 വയസുവരെയുള്ള 3,87,185 കുട്ടികള്‍ക്കാണ് ഗുളിക നല്‍കുക. ചൊവ്വാഴ്ച വിര ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജനുവരി 24ന് ഗുളികകള്‍ നല്‍കും. വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. മാത്രമല്ല അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു എന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.
സ്‌കൂളുകള്‍, അങ്കണവാടികള്‍, ഡേ കെയര്‍ എന്നിവ കേന്ദ്രീകരിച്ച് സൗജന്യമായാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുക. അഞ്ച് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് സ്‌കൂളിലും ഒന്നുമുതല്‍ അഞ്ചുവയസ്സു വരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികളില്‍നിന്നുമാണ് ഗുളിക നല്‍കുക.
സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവയിലൊന്നും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കുട്ടികളെ ആശാ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തി അംഗന്‍വാടികളില്‍ വെച്ച് ഗുളിക നല്‍കും. ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
വിരകള്‍ എങ്ങനെ ശരീരത്തില്‍ എത്തുന്നു
കുട്ടികള്‍ മണ്ണില്‍ കളിക്കുന്നസമയത്തോ മണ്ണുമായുള്ള സമ്പര്‍ക്കിലൂടെയോ വിരകള്‍/മുട്ടകള്‍ ശരീരത്തിലെത്താം,അല്ലെങ്കില്‍ നഖത്തിലൂടെ, കൈകാലുകളിലെ ചെറുമുറിവുകളിലൂടെയോ, വൃത്തിയില്ലാത്തതും, പാചകം പെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷിക്കുന്നതിലൂടെയോ വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാം. വ്യക്തി ശുചിത്വം പ്രധാനമാണ്.
വിരബാധയുടെ ലക്ഷണങ്ങള്‍
വിരബാധയുള്ള കുട്ടികള്‍ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങള്‍ കുടലിനുള്ളില്‍ എത്തുമ്പോള്‍ വിര ആഗിരണം ചെയ്യുകയും കുട്ടികള്‍ക്ക് പോഷക വൈകല്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ വിളര്‍ച്ച, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഇത്തരം കുട്ടികളില്‍ കുറയുന്നു. വിരബാധയുടെ തോത് കൂടുതലുള്ള കുട്ടികള്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. വിരബാധ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
വിരബാധ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നതോടൊപ്പം ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കുകയും ചെയ്യണം. ആഹാരത്തിനു മുന്‍പും മലവിസര്‍ജ്യത്തിനുശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക. നഖം വെട്ടുകയും കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പാദരക്ഷകള്‍ ശീലമാക്കുക. പഴ വര്‍ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക. തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക. ഭക്ഷണം എപ്പോഴും മൂടിവയ്ക്കുകയും ചൂടോടെ ഉപയോഗിക്കുകയും ചെയ്യുക.
ഗുളികകള്‍ എങ്ങനെ കഴിക്കാം
ഗുളിക ചവച്ചുകഴിക്കണം. ഒരുവയസ്സിനും രണ്ട് വയസ്സിനും മധ്യേയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക. രണ്ട് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒരു മുഴുവന്‍ ഗുളിക. എന്തെങ്കിലും അസുഖമുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്. ആല്‍ബന്‍ഡസോള്‍ ഗുളിക ഉപയോഗിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സുരക്ഷിതമാണ്. ഗുളിക കഴിച്ചതിനു ശേഷം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, 1056, 0471 2552056 എന്ന നമ്പറിലോ ബന്ധപ്പെടണം.