ആലപ്പുഴയിൽ ഇതുവരെ സംഭരിച്ചത്; 43414.931 മെട്രിക് ടൺ നെല്ല്

post

ആലപ്പുഴ : ജില്ലയിൽ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളിൽനിന്ന് സപ്ലൈകോ മുഖേന ഇതു വരെ സംഭരിച്ചത് 43414.931 മെട്രിക് ടൺ നെല്ല്. 9581.562 ഹെക്ടറിലായിരുന്നു ഇത്തവണ കൃഷി ഇറക്കിയത്. ഇതിൽ 9540.5 ഹെക്ടറിലെ സംഭരണമാണ് ഇതുവരെ പൂർത്തിയായത്. ഇതോടെ ജില്ലയിലെ നെല്ല് സംഭരണം ഏകദേശം പൂർത്തിയാവുകയാണ്. 114 പാടശേഖരങ്ങളിൽ നിന്നുള്ള 9023 കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വിലയായി 89.131 കോടി രൂപയും വിതരണം ചെയ്തു.

ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അനിൽ കെ. ആന്റോ അറിയിച്ചു. കുട്ടനാട് , അമ്പലപ്പുഴ താലൂക്കുകളിൽനിന്നാണ് ഇതുവരെ കൂടുതൽസംഭരണം നടന്നിട്ടുള്ളത്. 27406.943 മെട്രിക് ടൺ നെല്ലാണ് ഇതുവരെ കുട്ടനാട് താലൂക്കിൽ നിന്ന് സംഭരിച്ചത്. 14195.171 മെട്രിക് ടൺ നെല്ലാണ് അമ്പലപ്പുഴ താലൂക്കിൽ നിന്ന് സംഭരിച്ചത്.

ഒന്നാംവിള നെല്ലുസംഭരണത്തിനായി ജില്ലയിൽഇതുവരെ രജിസ്റ്റർചെയ്തത് 13617 കർഷകരാണ്. ഇതിൽ കുട്ടനാട് താലൂക്കിൽനിന്നാണ് കൂടുതൽപേർരജിസ്റ്റർചെയ്തിട്ടുള്ളത്. 8331പേർ. അമ്പലപ്പുഴ 4530, കാർത്തികപ്പള്ളി 689 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകൾ. സംഭരിച്ച നെല്ല് 42 മില്ലുകളിലേക്കാണ് മാറ്റുന്നത്.