ദേശീയ യുവജനോത്സവം; നെഹ്‌റു യുവ കേന്ദ്ര 112 അംഗ സംഘത്തെ അയക്കും

post

ജനുവരി 12 മുതല്‍ 16 വരെ കര്‍ണ്ണാടകയിലെ ഹുബ്ലി-ധാര്‍വാട് നഗരങ്ങളില്‍ നടക്കുന്ന ഇരുപത്തിയാറാമത് ദേശീയ യുവജനോത്സവത്തില്‍ കേരളത്തില്‍ നിന്നും നെഹ്‌റുയുവ കേന്ദ്രയെ പ്രതിനിധീകരിച്ച് 112 അംഗ യുവജന-സാംസ്‌ക്കാരിക സംഘം പങ്കെടുക്കും. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടത്തുന്ന ദേശീയ യുവജനോത്സവത്തില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 7500 യുവതീ യുവാക്കള്‍ പങ്കാളികളാകും. 

മത്സര ഇനങ്ങളായ നാടോടി നൃത്തം, നാടന്‍പാട്ട്, മത്സരേതര ഇനങ്ങളായ യൂത്ത് എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റിവല്‍, യങ്ങ് ആര്‍ട്ടിസ്റ്റ് ക്യാമ്പ്, ആയോധന കലാപ്രകടനം, നാടന്‍ കലാമേള, യുവജന സാഹസിക പരിപാടികള്‍, യൂത്ത് കണ്‍വന്‍ഷന്‍, യോഗ ആന്റ് മെഡിറ്റേഷന്‍ തുടങ്ങിയവയാണ് ദേശീയ യുവജനോത്സവത്തിലെ പ്രധാന പരിപാടികള്‍.

കേരളത്തിലെ പതിനാല് ജില്ലകള്‍ക്ക് പുറമെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുമായി നെഹ്‌റു യുവ കേന്ദ്ര തിരഞ്ഞെടുത്ത യുവജന സംഘം യുവജനോത്സവത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും .ആലപ്പുഴ ജില്ലയില്‍ നിന്നും കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ്, ദുരന്ത ലഘൂകരണം പ്രമേയമാക്കി എറണാകുളം ജില്ലയില്‍ നിന്നും പെണ്‍കുട്ടികളുടെ തെരുവ് നാടകം, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ യുവസംഘം ഒരുക്കുന്ന കേരളീയ ഭക്ഷ്യ സ്റ്റാളുകള്‍, തിരുവനന്തപുരം, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവയാണ് കേരള സംഘത്തിന്റെ പ്രധാന പരിപാടികള്‍. യങ്ങ് ആര്‍ട്ടിസ്റ്റ് ക്യാമ്പിന്റെ ഭാഗമായുള്ള ഫോട്ടോഗ്രാഫി, പെയിന്റിങ്ങ്, ശില്പകല എന്നീ ഇനങ്ങളിലും കേരള സംഘത്തിലെ യുവപ്രതിഭകള്‍ പങ്കെടുക്കും.