മൂന്നുഭാഷകളില്‍ അക്ഷരമെഴുതി തുടക്കം

സപ്ത ഭാഷാ സംഗമ ഭൂമിയില്‍ നടക്കുന്ന ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ ഔപചാരികമായ തുടക്കം ജില്ലയുടെ വിശേഷണം അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു. വേദിയില്‍ സജ്ജീകരിച്ച എഴുത്ത് ബോര്‍ഡില്‍ മലയാളം, കന്നഡ, തുളു, ഉര്‍ദ്ദു ഭാഷകളില്‍ 'അ' അക്ഷരമെഴുതിയായിരുന്നു സമ്മേളനത്തിന് നാന്ദി കുറിച്ചത്. എ.കെ.എം.അഷ്‌റഫ് എം.എല്‍.എ ഉര്‍ദ്ദുവിലും, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ മലയാളത്തിലും ഗോവിന്ദ പൈ ട്രസ്റ്റീ അംഗവും എഴുത്തുകാരനുമായ ഡോ.കെ.ചിന്നപ്പ ഗൗഡ കന്നഡയിലും, തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ തുളുവിലും 'അ' അക്ഷരം എഴുതി.
പുസ്തകം പ്രകാശനം ചെയ്തു
കന്നഡ സാഹിത്യകാരന്‍ ഡി.കെ.ചൗട്ടയുടെ കൃതിയായ മിത്തബയല്‍ യമുനക്കയുടെ മലയാള പരിഭാഷാ പ്രകാശനം ചെയ്തു. ഡോ.എ.എം.ശ്രീധരനാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഗിളിവിണ്ടു ബഹുഭാഷാ സമ്മേളന വേദിയില്‍ എഴുത്തുകാരന്‍ ഡോ.ചിന്നപ്പ ഗൗഡ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്
പ്രദര്‍ശനത്തില്‍ വേറിട്ടതായി ഭാഷാ പ്രദര്‍ശനം
പത്ത് ഭാഷകളുടെ പ്രദര്‍ശനം. അത് ഒരു പക്ഷെ കാസര്‍കോട് ജില്ലയ്ക്ക് മാത്രം സാധിക്കുന്ന വേറിട്ട പ്രദര്‍ശനമായിരിക്കും. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോട്ട് ഏഴ് ഭാഷകള്‍ മാത്രമല്ല ചെറുതും വലുതുമായ ഇരുപതോളം ഭാഷകള്‍ ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സ്വന്തമായി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ തെരഞ്ഞെടുത്ത പത്ത് ഭാഷകളിലുള്ള നൂറ് വാക്കുകളുടെ പ്രദര്‍ശനമാണ് ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തില്‍ ഒരുക്കിയിരിക്കുന്നത്. കന്നഡ, തുളു, ഉറുദു, ബ്യാരി, കൊങ്കിണി, കറാഡ, മറാത്തി, ശീവള്ളി തുളു, ഹവി കന്നഡ, മാപ്പിള മലയാളം എന്നീ ഭാഷകളിലുള്ള പ്രയോഗങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ഒരു വാക്കിന്റെ പ്രയോഗം വിവിധ ഭാഷകളില്‍ എങ്ങനെയാണെന്ന് മലയാളത്തിലും നല്‍കിയിട്ടുണ്ട്.
ഒപ്പം ഓരോ ഭാഷയുടെ ലിപിയും. അധ്യാപകനും ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ സംഘാടകനുമായ കെ.വി.സജീവനാണ് വേറിട്ട ആശയത്തിന് പിന്നില്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ പാടിയാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് വാക്കുകള്‍ ശേഖരിച്ചത്. കാസര്‍കോട് ജില്ല സപ്തഭാഷാ സംഗമ ഭൂമിയല്ലെന്നും ബഹുഭാഷാ സംഗമ ഭൂമിയാണെന്നും ഭാഷയെ വികാരത്തിനപ്പുറം സാംസ്‌കാരികമായ പരിച്ഛേദമായി കാണണമെന്നും കെ.വി.സജീവന്‍ പറഞ്ഞു. ബഹുഭാഷാ സമ്മേളന നഗരിയില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു.
പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തു
ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി ചിത്ര, ഭാഷ, ഫോട്ടോ പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഭാഷാ പ്രദർശനവും ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.വി കുഞ്ഞിരാമൻ ഫോട്ടോ പ്രദർശനവും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവിനോ മൊന്തേരോ ചിത്ര പ്രദർശനവും ഉദ്ഘാടനം ചെയ്തു.