വയലാറില്‍ കര്‍ഷകരും കൃഷിഭവനും കൈകോര്‍ത്തു, കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്

post

ആലപ്പുഴ: ജൈവ കാര്‍ഷിക മേഖലയില്‍ പുത്തന്‍ പ്രതീക്ഷകളേകി വയലാര്‍ പഞ്ചായത്ത്. കര്‍ഷകര്‍ക്കായി നിരവധി സഹായങ്ങളും പദ്ധതികളും ഒരുക്കി വലിയ മുന്നേറ്റത്തിനൊരുങ്ങുകയാണ് പഞ്ചായത്ത് കൃഷിഭവന്‍. കൃഷിഭവന്റെ കീഴില്‍ പ്രധാനമായും തെങ്ങ്, പച്ചക്കറി, ഇടവിള കൃഷികളാണ് നടക്കുന്നത്. നെല്ല്, വാഴ, പഴവര്‍ഗങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ അങ്ങനെ വിവിധ ഇനം കൃഷികളും നടന്നു വരുന്നു.

ജീവനി, നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയിലൂടെ ഏഴ് ഹെക്ടറോളം സ്ഥലത്തായി വിവിധതരം പച്ചക്കറി കൃഷികള്‍ ചെയ്തുവരുന്നു. ഇവയ്ക്ക് പുറമേ വീടുകളുടെ മട്ടുപ്പാവിലും വീട്ട് പറമ്പിലുമായി നിരവധിപേര്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിക്കാവശ്യമായ വളങ്ങള്‍, നല്ലയിനം വിത്തുകള്‍, പച്ചക്കറി ഫലവര്‍ഗ തൈകള്‍, സ്‌പ്രേയറുകള്‍, നിലമൊരുക്കുന്നതിനാവശ്യമായ കുമ്മായം, ജലസേചനത്തിനായി മോട്ടോറുകള്‍ തുടങ്ങിയ പലവിധ സേവനങ്ങള്‍ കര്‍ഷകര്‍ക്കായി നല്‍കുന്നു. 

പച്ചക്കറി കൃഷിക്കൊപ്പം ഏറെ പ്രാധാന്യത്തോടെ തെങ്ങ് കൃഷിയും പഞ്ചായത്തില്‍ നടന്നുവരുന്നുണ്ട്. തെങ്ങ് കൃഷിക്കായി കഴിഞ്ഞ വര്‍ഷം കേരഗ്രാമം പദ്ധതിയിലൂടെ 50 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തില്‍ നടത്തിയത്. തെങ്ങിനുള്ള വളം, മരുന്നുകള്‍, കമ്പോസ്റ്റ് കിറ്റുകള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍ തുടങ്ങിയ നിരവധി സഹായങ്ങള്‍ കേര കര്‍ഷകര്‍ക്ക് കൃഷിഭവന്‍ മുഖാന്തരം ലഭിച്ചു. 300 ഹെക്ടറോളം സ്ഥലത്ത് പഞ്ചായത്തില്‍ തെങ്ങ് കൃഷിയുണ്ട്. ഈ വര്‍ഷം കേര കര്‍ഷകര്‍ക്കായി 20 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പഞ്ചായത്തിലെ രണ്ടായിരത്തോളം കര്‍ഷകര്‍ക്കാണ് പദ്ധതിവഴി സഹായം ലഭിക്കുന്നത്. 

പഞ്ചായത്തിന്റെ സ്വന്തം കാര്‍ഷിക കര്‍മ്മസേനയും സദാസമയവും സജ്ജമാണ്. അമ്പതോളം അംഗങ്ങള്‍ ഉള്ള വയലാര്‍ കാര്‍ഷിക കര്‍മ്മസേന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കൃഷിക്കാവശ്യമായ സഹായങ്ങള്‍ മുടക്കം കൂടാതെ എത്തിക്കുന്നു. കേരഗ്രാമം പദ്ധതി നടപ്പാക്കിയപ്പോള്‍ കേര കര്‍ഷകരുടെ കൃഷിയിടങ്ങളിലെത്തി തെങ്ങിന് തടമൊരുക്കി നല്‍കിയത് കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ്. കൂടാതെ കര്‍ഷകര്‍ക്കാവശ്യമായ ട്രാക്ടര്‍, ട്രില്ലര്‍, കട്ടര്‍ തുടങ്ങിയ യന്ത്രങ്ങള്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ച് കൊടുക്കാനും ഗ്രോബാഗ് നിര്‍മാണം, വളം നിര്‍മാണം, നിലമൊരുക്കല്‍ തുടങ്ങിയ ജോലികള്‍ കൃത്യമായി ചെയ്യാനും കാര്‍ഷിക കര്‍മ്മസേന മുന്നിലുണ്ടെന്ന് വയലാര്‍ കൃഷി ഓഫീസര്‍ പി. ജെ. കൃഷ്ണപ്രിയ പറയുന്നു. 

കൃഷിഭവനും കര്‍ഷകര്‍ക്കും പിന്തുണയുമായി വയലാര്‍ ഗ്രാമപഞ്ചായത്തും ഒപ്പമുണ്ട്. വര്‍ഷാവര്‍ഷം 50 ലക്ഷത്തോളം രൂപയുടെ സഹായം പച്ചക്കറി വികസന പദ്ധതിക്കും, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുമായി പഞ്ചായത്ത് നല്‍കിവരുന്നുണ്ടെന്ന് വയലാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. വി. ബാബു പറയുന്നു.