വെളിച്ചം - സഹവാസ ക്യാമ്പിന് തുടക്കമായി

post

ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി തൃശ്ശിലേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ക്യാമ്പ് കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 2022-23 അക്കാദമിക വര്‍ഷത്തെ ഒന്നാംവര്‍ഷ വളണ്ടിയര്‍മാര്‍ക്കായിട്ടാണ് വെളിച്ചം സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് 1407 ക്യാമ്പുകളിലായി 70300 വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് ക്യാമ്പുകളില്‍ പങ്കെടുക്കുന്നുണ്ട്. ലഹരി വിമുക്ത നാളേക്കായി യുവ കേരളം എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായ ലഹരി വിരുദ്ധ ആശയത്തോട് ചേര്‍ന്ന് നിന്ന് 'വെളിച്ചം 2022' എന്ന നാമകരണം ചെയ്തിട്ടുള്ള ക്യാമ്പിന്റെ സന്ദേശം.

ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറായിരം തെരുവ് നാടകങ്ങള്‍, ലഹരിക്കെതിരെ പോരാടുന്ന യുവത്വത്തിന്റെ പ്രതീകമായി ഒരു കുട്ടി 20 എന്ന നിലയില്‍ 14 ലക്ഷം കില്ലാടിപ്പാവകള്‍ നിര്‍മ്മിച്ച് ക്യാമ്പിന്റെ പ്രദേശത്തും തെരുവുകളിലും തിരികെ വിദ്യാലയത്തില്‍ എത്തുമ്പോള്‍ അവിടെയും വിതരണം ചെയ്യുന്ന പദ്ധതി, ക്യാമ്പിടങ്ങളിലെ വിദ്യാലയത്തില്‍ ലഹരി വിരുദ്ധ ക്യാന്‍വാസുകളുടെ ആലേഖനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കും.

ഇരുപതിനായിരം ഫലവൃക്ഷങ്ങള്‍ ക്യാമ്പിടങ്ങളിലും പൊതുകിടങ്ങളിലും നട്ടുപിടിപ്പിക്കുന്ന പദ്ധതിയായ 'തേന്‍കനി' , ക്യാമ്പിംഗ് പരിസരത്തെ വീടുകള്‍ കേന്ദ്രീകരിച്ച് അരലക്ഷം അടുക്കളത്തോട്ടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനമായ 'ഹരിത സംസ്‌കൃതി' , ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ വയോജനങ്ങളെ വളണ്ടിയര്‍മാര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് അവരോടൊപ്പം ചെലവഴിക്കുന്ന സ്നേഹ സന്ദര്‍ശന പരിപാടി, തദ്ദേശ നൈപുണികള്‍ ഉള്‍പ്പെടെ വിവിധ ഉത്പാദന സാധ്യതകള്‍ കണ്ടെത്തി വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും വിദ്യാലയത്തില്‍ ഉല്‍പാദന യൂണിറ്റ് രൂപീകരിക്കുകയും ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന 'നിപുണം ' പദ്ധതി, ക്യാമ്പിംഗ് പ്രദേശത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി അത് ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്ന 'തദ്ദേശീയം ' തനതു പദ്ധതി, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതരീതി തൊഴില്‍ സര്‍ഗ്ഗ വൈഭവം എന്നിവ പരിചയപ്പെടുത്തുന്നതിന് വേണ്ടി കുടുംബശ്രീ യുമായി സഹകരിച്ച സംഘടിപ്പിക്കുന്ന 'ഗ്രാമദീപിക', വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ പ്രതിരോധ ബോധവല്‍ക്കരണത്തിനു വേണ്ടി സംസ്ഥാന മാനസികാരോഗ്യ പദ്ധതിയുടെ സഹായത്തോടെയുള്ള 'ഉജ്ജീവനം' പദ്ധതി, ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക കടമകളില്‍ ഉള്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള ഉന്നത ആദര്‍ശങ്ങളായ ശാസ്ത്രീയ അഭിരുചിയും മാനവികതയും അന്വേഷണ ത്വരയും വിദ്യാര്‍ത്ഥികള്‍ക്ക് സ്വായത്തമാക്കുന്നതിനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള ''ഭാരതീയം' ആശയ സംവാദ സദസുകള്‍ തുടങ്ങിയവ ക്യാമ്പുകളില്‍ സംഘടിപ്പിക്കും. 1407 യൂണിറ്റുകളിലായി ജനുവരി ഒന്നാം തീയതി വരെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.