സമഗ്ര ഗോത്രവിദ്യഭ്യാസ പുരോഗതിക്ക് മുന്‍ഗണന

post

ഗോത്രമേഖലയിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ പ്‌ളാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഉള്‍നാടുകളില്‍ നിന്നും കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തുന്നതിനുള്ള യാത്രാ ക്ലേശ്ശം പരിഹരിക്കും. ഈ മേഖലയിലെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം ഘട്ടംഘട്ടമായി ഉയര്‍ത്തും.

സംസ്ഥാനത്ത് പത്തര ലക്ഷം കുട്ടികളാണ് പുതിയതായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിയത്. ദേശീയ തലത്തില്‍ തന്നെ കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായം മഹനീയ മാതൃകയാവുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ഓരോ വിദ്യാലയങ്ങളിലും ദൃശ്യമാണ്. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും കോവിഡ് മഹാമാരികളെയും അതിജീവിച്ചുള്ള മുന്നേറ്റമാണ് വിദ്യാഭ്യാസ രംഗത്തും സാധ്യമായത്. കോവിഡിന്റെ ഭീതി പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല.കരുതലും ജാഗ്രതയും നാം തുടരണം.

അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും പൊതുവിദ്യാഭ്യാസ പുരോഗതിക്ക് കൂട്ടായി പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ വളരുന്ന സമൂഹ്യ സാഹചര്യവും അധ്യാപകരും രക്ഷിതാക്കളും കൂടുതലായി ശ്രദ്ധിക്കണം. മാറുന്ന കാലത്തിനനുസരിച്ച് ക്രയശേഷി ഉയര്‍ത്തുന്നതിനായി അധ്യാപകര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ പരിശീലനം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 


നെല്‍ക്കതിര്‍ ചെണ്ടുകള്‍; മന്ത്രിക്ക് എടത്തനയുടെ സമ്മാനം

ജില്ലയില്‍ ആദ്യമായെത്തിയ വിദ്യഭ്യാസ വകുപ്പ് മന്ത്രിക്ക് എടത്തനയില്‍ ഊഷ്മള സ്വീകരണം. പുതുതായി വിളവെടുത്ത ഗന്ധകശാല നെല്‍ക്കതിരുകള്‍ ചേര്‍ത്തു കെട്ടിയ കതിര്‍ ചെണ്ടുകള്‍ നല്‍കിയാണ് എടത്തന ട്രൈബല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മന്ത്രിയെ വരവേറ്റത്. ഭൗമ സൂചികയില്‍ ഇടം നേടിയ വയനാടിന്റെ സ്വന്തം സുഗന്ധ നെല്‍ക്കതിരില്‍ കാട്ടിക്കുളം സ്വദേശി അനീഷാണ് എടത്തനയ്ക്ക് വേണ്ടി ദിവസങ്ങളെടുത്ത് കതിര്‍ ചെണ്ടുണ്ടാക്കിയത്.

നൂറ് കണക്കിന് നെല്‍ക്കതിര്‍ ചെണ്ടായി കെട്ടിയ സമ്മാനം വേറിട്ടതായി മാറി. 12 ലധികം ആദിവാസി കോളനികള്‍ ഉള്‍പ്പെട്ട പ്രദേശത്ത് നിന്നും നാനൂറിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 85 ശതമാനം ഗോത്ര വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന ജില്ലയിലെ എം.ആര്‍.എസ് അല്ലാത്ത ഏക വിദ്യാലയവും എടത്തനയാണ്.


പുതിയ അക്കാദമിക കെട്ടിടം എടത്തനയുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്ക് കരുത്ത് പകരും. പ്രദേശത്തെ കുറിച്യ, പണിയ കുടുംബത്തിലെ കുട്ടികളുടെ പഠനത്തിന് ഈ വിദ്യാലയം പ്രധാനപങ്ക് വഹിക്കുകയാണ്. കുട്ടികള്‍ നേരിടുന്ന യാത്രാ ബുദ്ധിമുട്ട് അടക്കമുള്ള വെല്ലുവിളികള്‍ പരിഹരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നാടിന് ഉറപ്പ് നല്‍കി. ഗോത്ര നാടിന്റെ ഉത്സവമായി ശിലാസ്ഥാപന ചടങ്ങും മാറി. പായസവിതരണവും നടന്നു. ക്രിസ്മസ് അവധിക്കാലമായിട്ടും ഉദ്ഘാടന ചടങ്ങിനായി വിദ്യാലയത്തിലെത്തിയ കുട്ടികളെ സദസ്സിലെത്തി അഭിനന്ദിച്ചുമാണ് മന്ത്രി വി.ശിവന്‍കുട്ടി എടത്തനയില്‍ നിന്നും മടങ്ങിയത്.