പാറയ്ക്കല്‍ കോളനി അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമ പദ്ധതിയെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പാറയ്ക്കല്‍ കോളനി അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ജനങ്ങളുടെ സമഗ്ര വികസന ആവശ്യങ്ങള്‍ കണ്ടെത്തി പരിഹരിച്ച് ജീവിത സാഹചര്യത്തില്‍ മാറ്റം കൊണ്ടുവരാന്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്
. പാറയ്ക്കല്‍ കോളനിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് അടിയന്തരമായി ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തണം. ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാകും. ജില്ലാ നിര്‍മിതികേന്ദ്രം മികച്ച രീതിയില്‍ സമയബന്ധിതമായി പാറയ്ക്കല്‍ കോളനിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും എംഎല്‍ എ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് പാറയ്ക്കല്‍ കോളനിയില്‍ നടത്തിയത്.