കൃഷിക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി ജില്ല പഞ്ചായത്തിന് 118.69 കോടി രൂപയുടെ ബജറ്റ്

post

വരവ് 118.69 കോടി രൂപ, ചെലവ് 115.75 കോടി രൂപ, നീക്കിയിരിപ്പ് 2.93കോടി രൂപ

അവതരിപ്പിച്ചത് നിലവിലെ ഭരണ സമിതിയുടെ അവസാന ബജറ്റ് 

ആലപ്പുഴ: കൃഷിക്കും വിദ്യാഭ്യാസ മേഖലയ്ക്കും സര്‍ക്കാരിന്റെ പന്ത്രണ്ടിന കര്‍മപരിപാടികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ അഞ്ചാമത്തെ ബജറ്റ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് ജില്ലാ പഞ്ചായത്ത് ഹാളില്‍ അവതരിപ്പിച്ചു. ആകെ 118,69,13,113 രൂപ വരവും 1157527140 രൂപ ചെലവും 29385973 രൂപ നീക്കിയിരുപ്പും ഉള്ള 202021 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റാണ് അംഗീകരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ബജറ്റ് യോഗത്തില്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.ദേവദാസ് സ്വാഗതം പറഞ്ഞു. ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ളയുടെ നിര്യാണത്തില്‍ ഒരു നിമിഷം മൗനം ആചരിച്ച ശേഷമാണ് ബജറ്റ് നടപടികളിലേക്ക് യോഗം കടന്നത്.
ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം

കാര്‍ഷിക വികസനത്തിന് ഏറെ മുന്‍തൂക്കമുള്ളതാണ് ഇത്തവണത്തെ ജില്ല പഞ്ചായത്ത് ബജറ്റ്. നെല്‍കൃഷിക്ക് 1.2 കോടി രൂപയും പച്ചക്കറി കൃഷി കൂലിച്ചെലവ് സബ്‌സിഡിയായി 30 ലക്ഷം രൂപയും വനിത ഗ്രൂപ്പുകള്‍ക്ക് പച്ചക്കറികൃഷി കൂലിചെലവ് സബ്‌സിഡിയായി 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കുളങ്ങളുടെയും കാവുകളുടെയും സംരക്ഷണത്തിന് വേണ്ടിയുള്ള സുജലം പദ്ധതിക്കായി 50 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. കുട്ടനാട് അപ്പര്‍കുട്ടനാട് പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 1.8 കോടി രൂപ നീക്കി വച്ചിരിക്കുന്നു.
മൃഗസംരക്ഷണമേഖലയില്‍ കുട്ടനാട് അപ്പര്‍ കുട്ടനാട് ഭാഗത്ത് എലിവേറ്റഡ് കാറ്റില്‍ ഷെഡ് നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപ, ക്ഷീര വികസനത്തിന് പാലിന് സബ്‌സിഡി ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കുന്നതിനായി 75 ലക്ഷം രൂപ എന്നിങ്ങനെ മാറ്റിവെച്ചു. ഇത് തുടര്‍പദ്ധതിയാണ്.
മത്സ്യബന്ധന രംഗത്ത് ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് വള്ളം നല്‍കുന്നതിനായി 14.8 ലക്ഷം രൂപയും പരമ്പരാഗത തടി വള്ളത്തിനും കട്ടമരത്തിനും ഗില്‍നെറ്റ് നല്‍കുന്നതിനായി 20 ലക്ഷം രൂപയും ലൈവ് ഫിഷ് മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 12 ലക്ഷം രൂപയും നീക്കിവെച്ചു.

വനിതകള്‍ക്ക് പ്രാമുഖ്യം

ചെറുകിട വ്യവസായ മേഖലയില്‍ വനിത ഗ്രൂപ്പുകള്‍ക്ക് തുണിസഞ്ചി നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിനായി 21.17 ലക്ഷം രൂപ നീക്കിവച്ചു. 55 വയസ്സില്‍ താഴെയുള്ള വിധവകള്‍ക്ക് സ്വയം തൊഴിലിന് ധനസഹായം നല്‍കുന്നതിനായി 35.29 ലക്ഷം രൂപയും ചകിരിച്ചോറ് ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ ജൈവവളം ഉല്പാദിപ്പിക്കുന്ന വനിത യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 60 ലക്ഷം രൂപയും അനുവദിച്ചു.

ആരോഗ്യ മേഖലയ്ക്ക് ആരോഗ്യം

ആരോഗ്യ മേഖലയില്‍ സഞ്ചരിക്കുന്ന ക്യാന്‍സര്‍ യൂണിറ്റായി 25 ലക്ഷം രൂപയും സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യ പരിചരണത്തിനും പ്രഥമ ശുശ്രൂഷയും പരിശീലനം നല്‍കുന്ന സ്‌മൈല്‍ പദ്ധതിക്ക് അഞ്ച് ലക്ഷം രൂപയും പാലിയേറ്റീവ് സൊസൈറ്റികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് 72 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജനിക്കുന്ന ശിശുക്കള്‍ക്ക് പരിപാലന കിറ്റ് നല്‍കുന്നതിനായി 5.04 ലക്ഷം രൂപയും ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് മരുന്നു വാങ്ങുന്നതിനായി 60 ലക്ഷം രൂപയും അനുവദിച്ചു. മാവേലിക്കരയില്‍ നിലവില്‍ ഒരു കുട്ടിക്ക് 700 രൂപ വിലവരുന്ന കിറ്റാണ് നല്‍കിവരുന്നത്.

വിദ്യാഭ്യാസത്തിന് ഊന്നല്‍

ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപയും ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി 80 ലക്ഷം രൂപയും അനുവദിച്ചു. 

'മികവിന്റെ വായന കാലം'  സ്‌കൂള്‍ ലൈബ്രറിയുടെ നവീകരണത്തിനായി 47 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. പയ്യനല്ലൂര്‍ , പൊള്ളേത്തൈ സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസ് വാങ്ങാന്‍ 30 ലക്ഷം രൂപ നീക്കിവച്ചു.

കായിക മേഖലയ്ക്ക് ഊര്‍ജ്ജം

കായികമേഖലയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് ഫുട്‌ബോള്‍,ക്രിക്കറ്റ്, കബഡി, വോളിബോള്‍, ഹോക്കി, ബാസ്‌കറ്റ് ബോള്‍, ഷട്ടില്‍ തുടങ്ങിയ കായിക ഇനങ്ങളുടെ ആയിരം ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ഗെയിംസ് ഫെസ്റ്റിവല്‍ പദ്ധതിക്ക് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പാര്‍പ്പിട പദ്ധതിക്ക് ഏറെ പ്രാധാന്യം

പാര്‍പ്പിട പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് പദ്ധതിക്ക് ഏറെ പ്രാധാന്യം ബജറ്റില്‍ നല്‍കി.യിട്ടുണ്ട്. പാര്‍പ്പിട മേഖലയില്‍ ലൈഫ് ഭവനപദ്ധതി രണ്ടാംഘട്ട ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിനും മൂന്നാംഘട്ടത്തില്‍ ഭൂമി വാങ്ങി ഭവന നിര്‍മ്മാണം നടത്തുന്നതിനുമായി ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കുന്നതിന് എട്ടുകോടി രൂപയും പിഎംഎവൈ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കുന്നതിനായി 14 ലക്ഷം രൂപയും ഇരട്ട വീട് ഒറ്റ വീട് ആക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കുന്നതിനായി 50 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

സാമൂഹ്യ ക്ഷേമത്തിനു  ബഹുതല പദ്ധതികള്‍,വനിതകള്‍ക്ക് ജിംനേഷ്യവും സൗഹൃദ കേന്ദ്രവും

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 202021 ബജറ്റില്‍ സാമൂഹ്യക്ഷേമരംഗത്ത് വിവിധതലങ്ങളിലായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍. അനുപൂരക പോഷകാഹാര പദ്ധതിക്ക് 72ലക്ഷവും കുടിവെള്ള പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിന് 60 ലക്ഷവും അങ്കണവാടി കെട്ടിടനിര്‍മാണ പൂര്‍ത്തീകരണത്തിന് 2.76 കോടിയും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ടേക്ക്എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 50 ലക്ഷവും രൂപ നീക്കിവച്ചു.അങ്കണവാടികള്‍ ഹൈടെക്ക് ആക്കുന്നതിന് 46 ലക്ഷവും അങ്കണവാടി കെട്ടിടനിര്‍മാണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതമായി 50 ലക്ഷവും വകകൊള്ളിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ നല്‍കുന്നതിന് മൊത്തം 70 ലക്ഷം (പുരുഷന്മാര്‍ക്ക് 50ഉം സ്ത്രീകള്‍ക്ക് 20ഉം ലക്ഷം) രൂപ അനുവദിച്ചു.എച്ച് ഐ വി ബാധിതര്‍ക്കുള്ള പോഷാകാഹാര പദ്ധതിയായ 'പാഥേയ'ത്തിനു 55ലക്ഷം,  പകല്‍വീടുകള്‍ക്കുള്ള ഗ്രാമപഞ്ചായത്ത് വിഹിതമായി 75ലക്ഷം, തനിച്ചുതാമസിക്കുന്ന വയോജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിക്ക് 20ലക്ഷം,  മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനുള്ള ശ്രദ്ധാഭവനത്തിന് സ്ഥലം വാങ്ങാന്‍ ഒരുകോടി എന്നിങ്ങനെ വകയിരുത്തി.
കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് വിവിധ പഞ്ചായത്തുകളില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന പൈപ്പ്‌ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിന് 60ലക്ഷം രൂപ അനുവദിച്ചതിനുപുറമെ ഭൂജല വകുപ്പ് വഴി കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. വൈദ്യുതിലൈന്‍ വ്യാപനത്തിന് ഒരുകോടിയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷവും അനുവദിച്ചു.
മറ്റുപ്രധാന പദ്ധതികള്‍ക്ക് അനുവദിച്ച തുക: വിശപ്പുരഹിത കേരളം പദ്ധതി വിഹിതം 15 ലക്ഷം,വയോക്ലബ്ബുകള്‍ക്ക് 25 ലക്ഷം,അഗതിരഹിത കേരളം പദ്ധതിക്ക് 25ലക്ഷം,മാനസികശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 1.25 കോടി,ബഡ്‌സ് സ്‌കൂള്‍/ പുനരധിവാസ കേന്ദ്ര നിര്‍മാണത്തിന് 70 ലക്ഷം,കുട്ടികള്‍സ്ത്രീകള്‍പുരുഷന്മാര്‍ എന്നിങ്ങനെ ശ്രവണ സഹായി നല്‍കുന്നതിന് മൊത്തം 30ലക്ഷം(10ലക്ഷം വീതം), കോക്ലിയാര്‍ മാറ്റിവച്ചവര്‍ക്ക് ഉപകരണ പരിപാലനത്തിന് 15ലക്ഷം,കാഴ്ച പരിമിതരായ അധ്യാപകര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 7.5 ലക്ഷം.
ജെന്‍ഡര്‍ പാര്‍ക്ക് വനിതാഹോസ്റ്റല്‍ നിര്‍മാണ പൂര്‍ത്തീകരണത്തിന് 1.75കോടിയും സ്ത്രീ സൗഹൃദ കേന്ദ്രത്തിന് 10ലക്ഷവും വനിതകള്‍ക്ക് ജിംനേഷ്യത്തിന് അഞ്ചുലക്ഷവും ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ സ്ത്രീകളുടെ യോഗ കേന്ദ്രം നിര്‍മിക്കാന്‍ 20 ലക്ഷവും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഷെല്‍ട്ടര്‍ ഹോമിന് പത്തുലക്ഷവും സ്വയം തൊഴില്‍ സംരംഭത്തിന് ധനസഹായമായി പത്തുലക്ഷവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശുചിത്വ മേഖലയില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രോജക്ട് വിഹിതമായും പാതയോര പൊതു ടോയ്‌ലെറ്റ് നിര്‍മാണത്തിനും 50 ലക്ഷം രൂപവീതം വകയിരുത്തി. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ടോയ്‌ലെറ്റ് സ്ഥാപിക്കാന്‍ അഞ്ചുലക്ഷം,  ശ്മശാന നിര്‍മാണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതമായി 25ലക്ഷം എന്നിങ്ങനെ തുക അനുവദിച്ചു.