പുതിയ കെട്ടിടം വന്നു; 125 വർഷം പഴക്കമുള്ള കുട്ടമംഗലം സ്‌കൂളിന് പുതുജീവൻ

post

ആലപ്പുഴ: 125 വർഷം പഴക്കമുള്ള കുട്ടനാട്ടിലെ കുട്ടമംഗലം ഗവൺമെൻറ് എൽ. പി. സ്‌കൂളി സ്‌കൂളിന് പുതിയ കെട്ടിടം വന്നതോടെ ലഭിക്കുന്നത് പുതുജീവൻ. 794.42 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 5 ക്ലാസ് മുറികളും 4 ടോയിലറ്റുകളും മുകളിലത്തെ നിലയിൽ ഒരു ഹാളും 3 ക്ലാസ് മുറികളും 3 ടോയിലറ്റുകളുമാണ് നിർമിച്ചത്. പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 3.33കോടി രൂപ വിനിയോഗിച്ചാണ്കെട്ടിടത്തിൻറെ നിർമാണം പൂർത്തിയാക്കിയത്. സ്‌കൂളിലെ പുതിയ കെട്ടിടസമുച്ചയം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.


പഠന ബോധനപ്രവർത്തനത്തിലും അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങളിലും മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗം ആകെ പരിഷ്‌കരിക്കപ്പെടാൻ പോവുകയാണ്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണാജനകമായ ആശയങ്ങൾ സമൂഹത്തിൽ പടർത്താൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.

നമ്മൾ ശിലായുഗം പിന്നിട്ടവരാണ്. ശിലായുഗത്തിലെ ചിന്ത ഇപ്പോഴും കൊണ്ട് നടക്കേണ്ടവരല്ലെന്നും മന്ത്രി പറഞ്ഞു.  പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും നിയമസഭയിൽ മറുപടി പറഞ്ഞിട്ടുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ ഉന്നമനം മാത്രമാണ് ലക്ഷ്യം.

സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനം വളരെ പ്രധാനമാണ്. 2500 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്. സർക്കാർ ബാധ്യതപ്പെട്ടിട്ടുള്ളത് വിദ്യാർഥികളോടാണ്.

കേരളത്തിലെ പൊതുവിദ്യാലയത്തിലേക്ക് കഴിഞ്ഞ ആറ് വർഷം കൊണ്ട് പുതുതായി കടന്നുവന്നത് പത്തര ലക്ഷം വിദ്യാർഥികളാണ്. ലോകത്തിന്റെ ഏത് ഭാഗത്തെ മത്സര പരീക്ഷകളിലും വിജയിക്കാൻ തക്ക തരത്തിൽ വിദ്യാർഥികളുടെ അക്കാദമിക നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കുട്ടമംഗലം ഗവൺമെന്റ് എൽ. പി. സ്‌കൂളിൽ കൂടിയ യോഗത്തിൽ തോമസ് കെ തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.