കാര്‍ഷിക മേഖലയിലെ സുസ്ഥിരവികസനം ലക്ഷ്യമിട്ട് കുടുംബശ്രീ; ഒരു വീട് ഒരു കാര്‍ഷിക യന്ത്രം പദ്ധതിക്ക് തുടക്കമായി

കാസർകോട്: കാര്‍ഷിക മേഖലയിലെ സുസ്ഥിരവികസനം ലക്ഷ്യമിട്ട് മുളിയാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ജില്ലാ മിഷന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന ഒരു വീട് ഒരു കാര്‍ഷിക യന്ത്രം പദ്ധതിക്ക് തുടക്കമായി. സ്മാം (എസ്.എം.എ.എം) പദ്ധതിയില്‍ സംയോജന സാധ്യത പ്രയോജനപ്പെടുത്തിയാണ് കുടുംബശ്രീ ജെ.എല്‍.ജികള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 7.12ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രങ്ങളും സബ്മിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ മെക്കാനിസം സബ്സിഡിയായി 3.47ലക്ഷം രൂപയും കുടുംബശ്രീ കര്‍ഷകര്‍ക്ക് ലഭിച്ചു.
രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ യന്ത്രം ലഭ്യമാക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ ത്വരിത ഗതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിക്കും. സി.ഡി.എസുകളിലെ ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പുനര്‍ജീവനം ലക്ഷ്യമിട്ട് പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ജില്ലാ മിഷന്‍ ലക്ഷ്യം വെക്കുന്നുണ്ട്. ജില്ലയിലെ സി.ഡി.എസുകള്‍, റീബില്‍ഡ് കേരള, ബി.എന്‍.ഇ.ഡി.സി, ജെ.എല്‍.ജി അംഗങ്ങള്‍, കുടുംബശ്രീ ഫാര്‍മര്‍ പ്രോഡ്യൂസേഴ്സ് കമ്പനികളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഒരു വര്‍ഷത്തില്‍ 6 കോടി രൂപയുടെ കാര്‍ഷിക യന്ത്രങ്ങള്‍ എത്തിക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
ആദ്യഘട്ടം ലഭിച്ച ട്രാക്ടറിന്റെയും റൊട്ടറേറ്ററിന്റെയും വിതരണോദ്ഘാടനം മുളിയാര്‍ പുഞ്ചക്കോട് പാടശേഖരത്തില്‍ നടന്നു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു