വൃക്കരോഗികളോടുള്ള കരുതലിന് ഒരു വയസ് സേവനം ലഭ്യമാക്കിയത് 2736 രോഗികള്‍ക്ക്

post

കാസർകോട്: വൃക്കരോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കരുതലിന് ഒരു വയസ് പൂര്‍ത്തിയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെയും രോഗികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനായി മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് കരുതല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം.

സാമ്പത്തികപ്രയാസം മൂലം കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒരാള്‍ക്ക് പോലും ഡയാലിസിസ് മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കിയാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 2736 രോഗികള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കരുതലിന്റെ സേവനം ലഭ്യമാക്കിയത്. നിലവില്‍ 31 പോര്‍ സേവനം ഉപയോഗപ്പെടുത്തുന്നു. 10 പേരുടെ അപേക്ഷകള്‍ പരിഗണനയിലാണ്.

സെക്കന്‍ഡറി പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് കേന്ദ്രം ഒന്നാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടത്തി. മുളിയര്‍ സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി അധ്യക്ഷത വഹിച്ചു. ഡയാലിസ് രോഗികളും കുടുംബാംഗങ്ങളും അവരുടെ അനുഭവങ്ങള്‍ വേദിയില്‍ പങ്കുവെച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതാബാധിതരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് ഡയാലിസിസ് സെന്ററിന്റെ സേവനം ലഭ്യമാകുന്നു.