ട്രെയിനുകളില്‍ റെയ്ഡ്: ഉപരോധിത പുകയില ഉത്പങ്ങള്‍ പിടിച്ചെടുത്തു

post

പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ അതിഥി തൊഴിലാളികള്‍ കൂടുതലായി എത്തുന്ന ട്രെയിനുകളില്‍ പോലീസ് റെയ്ഡ് നടത്തി നിരോധിത പുകയില ഉത്പങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കള്‍ കടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഷാലിമാര്‍ - നാഗര്‍കോവില്‍ എക്‌സ്പ്രസ്, സില്‍ച്ചര്‍ - തിരുവനന്തപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ നടത്തിയ പരിശോധനയില്‍ 20 കിലോയോളം നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് 18 പേരെ അറസ്റ്റ് ചെയ്തു. 

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ആര്‍. സന്തോഷ്, ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍, ആന്റി നാര്‍ക്കോട്ടിക് ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കൂടുതല്‍ ട്രെയിനുകളില്‍ റെയ്ഡ് നടത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു.