ഉദ്ഘാടനത്തിനൊരുങ്ങി അന്ധകാരനഴി ചെല്ലാനം തീരദേശ റോഡ്

post

ആലപ്പുഴ: ദേശീയപാതാ നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന അന്ധകാരനഴി -ചെല്ലാനം തീരദേശ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. എഴുപുന്ന മുതല്‍ ഗൊണ്ടുപറമ്പ് വരെയും ചെല്ലാനം മുതല്‍ പത്മാക്ഷി കവല വരെയുമാണ് റോഡിന്റെ നിര്‍മ്മാണം നടക്കുന്നത്. 90ശതമാനം ജോലികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സി.ആര്‍.എഫ് ഫണ്ടില്‍ നിന്നുള്ള 12കോടി രൂപ വിനിയോഗിച്ചാണ് പന്ത്രണ്ടേകാല്‍ കിലോമീറ്റര്‍ നീളത്തില്‍ റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എ.എം ആരിഫ് എംപി അരൂര്‍ എംഎല്‍എ ആയിരുന്ന സമയത്താണ് ശോചനീയാവസ്ഥയില്‍ കിടന്നിരുന്ന തീരദേശ റോഡ് ഉയര്‍ന്ന ഗുണനിലവാരത്തില്‍ പുതുക്കി പണിയാനുള്ള നടപടികള്‍ക്ക് തുടക്കമായത്.

തീരദേശനിവാസികള്‍ക്ക് ദേശിയപാതയിലേക്ക് എത്താനുള്ള എളുപ്പ വഴിയാണീ റോഡ്. റോഡ് തകര്‍ന്നതോടെ ബസുകള്‍ ഈ വഴിയുള്ള ട്രിപ്പുകള്‍ കുറച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. റോഡ് പുനര്‍നിര്‍മിച്ചതോടെ തുറവൂര്‍, എഴുപുന്ന, ചെല്ലാനം പഞ്ചായത്തുകളിലുള്ളവരുടെ ഏറെനാളായുള്ള യാത്രാ ദുരിതത്തിനാണ് അവസനമായിരിക്കുന്നതെന്ന് തുറവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിന്‍ ഏണസ്റ്റ് പറഞ്ഞു. ബാക്കിയുള്ള ജോലികള്‍ കൂടി പൂര്‍ത്തിയാക്കി ഏപ്രിലോടെ റോഡിന്റെ ഉദ്ഘാടനം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.