കാന്‍സര്‍ കെയര്‍ പദ്ധതിക്ക് തുടക്കമായി

post

ജില്ലയില്‍ നടപ്പിലാക്കുന്ന കാന്‍സര്‍ കെയര്‍ പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി. ആദ്യ ഘട്ടമായി മുളിയാര്‍ ഹെല്‍ത്ത് ബ്ലോക്കിലെ മുളിയാര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, ദേലമ്പാടി, കാറഡുക്ക ഗ്രാമ പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. തുടര്‍ന്ന് ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള്‍ക്ക് പരിശീലനം നല്‍കും. പ്രാഥമിക പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ ഗ്രാമതലത്തില്‍ ആരോഗ്യ ക്ലാസുകള്‍ സംഘടിപ്പിക്കും. മലബാര്‍ കാന്‍സര്‍ സെന്റര്‍ മുഖേന പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

ക്യാന്‍സര്‍ രോഗാവസ്ഥ ലക്ഷണങ്ങള്‍ ഉള്ളവരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും കൂടുതല്‍ പരിശോധന ആവശ്യമെങ്കില്‍ ബ്ലോക്ക് തലത്തിലെ ക്യാന്‍സര്‍ നിയന്ത്രണ സമിതിയുടെ സഹായത്തോടെ ആവശ്യമായ തുടര്‍ പരിശോധനയും ചികിത്സ സംവിധാനവും ഒരുക്കും. ബ്ലോക്ക് തല പരിശീലന പരിപാടിയില്‍ മെഡിക്കല്‍ ഡോ.ഷമീമ തന്‍വീര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കുഞ്ഞികൃഷ്ണന്‍ നായര്‍ ക്ലാസ് എടുത്തു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ പരിശീലനം ഈ മാസം 20നകം പൂര്‍ത്തിയാക്കും.