കാഞ്ഞങ്ങാട് സിവില്‍ സര്‍വീസ് അക്കാദമി പരിശീലന കേന്ദ്രത്തിന് കെട്ടിട നിർമാണം നടപടികള്‍ പുരോഗമിക്കുന്നു

ഉത്തരകേരളത്തിലെ വിദ്യാര്‍ത്ഥികളുടെ സിവില്‍ സര്‍വ്വീസ് മോഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന കാഞ്ഞങ്ങാട് സിവില്‍ സര്‍വീസ് അക്കാദമി പരിശീലന കേന്ദ്രം സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് ഹോസ്ദുര്‍ഗ് വില്ലേജില്‍ 50 സെന്റ് റവന്യു ഭൂമി കൈമാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. കെട്ടിട നിര്‍മ്മാണത്തിന് 2021-22 ബഡ്ജറ്റില്‍ 3 കോടി രൂപയുടെ എസ്റ്റിമേറ്റ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നിലവില്‍ ചെമ്മട്ടംവയലില്‍ സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമി മികച്ച രീതിയില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ അടക്കം 108 കുട്ടികള്‍ക്ക് നിലവില്‍ പരിശീലനം നല്‍കുന്നുണ്ട്. ടാലെന്റ് ഡവലപ്പ്‌മെന്റ്, ഫൗണ്ടേഷന്‍ സ്‌ക്കില്‍ എന്നിങ്ങനെ രണ്ട് ബാച്ചുകളായാണ് പരിശീലനം നടത്തുന്നത്. ഹോസ്ദുര്‍ഗ് കോടതിക്ക് സമീപം പുതിയ സ്ഥലം അനുവദിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി കാഞ്ഞങ്ങാടിന്റെ വിദ്യാഭ്യാസ രംഗത്തെ മാതൃകാ സ്ഥാപനമായി ഇത് മാറും.