അംബേദ്കര്‍ കോളനി വികസന പദ്ധതി : ചെമ്പക്കാട് കോളനിയില്‍ ഒരു കോടി രൂപയുടെ നവീകരണ പദ്ധതികള്‍

അംബേദ്കര്‍ കോളനി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ ചെമ്പക്കാട് കോളനിയില്‍ ഒരു കോടി രൂപയുടെ നവീകരണ പദ്ധതികള്‍. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പട്ടികവര്‍ഗ്ഗ വികസനത്തിനുള്ള പദ്ധതിയാണ് അംബേദ്കര്‍ കോളനി വികസന പദ്ധതി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 പേര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കും. ഇതിനായി 83.9 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
മൂന്നുലക്ഷം രൂപ ചിലവില്‍ 2 പേരുടെ ഭവന പുനരുദ്ധാരണം ചെയ്യും. റോഡ് വികസനത്തിനായി 13 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കമ്മ്യൂണിറ്റി ഹാളിന് ടോയ്ലറ്റ് സൗകര്യമൊരുക്കുന്നതിനായി കോര്‍പ്പസ് ഫണ്ടില്‍ നിന്നും 103657 രൂപ അനുവദിച്ചിട്ടുണ്ട്. കോമ്പൗണ്ട് ഭിത്തി, കുടിവെള്ള പദ്ധതി, ഡ്രൈനേജ് എന്നിവയ്ക്കായി കോര്‍പ്പസ് ഫണ്ടില്‍ 13,30,400 രൂപയുടെ നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. അംബേദ്കര്‍ സെറ്റില്‍മെന്റ് ഡെവലപ്പമെന്റ് സ്‌കീമിന്റെ വിശദമായ പ്രൊജക്ട് രേഖ ജില്ലാതല വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകരിച്ചു. പഞ്ചായത്ത് കരാര്‍ വയ്ക്കുന്ന മുറക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് 20 ശതമാനം കൊടുക്കും. ആറു മാസക്കാലമാണ് പദ്ധതി പൂര്‍ത്തീകരിക്കാനുള്ള സമയ പരിധി.
പദ്ധതിയിലൂടെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനവും കോളനികളുടെ സമഗ്ര വികസനവുമാണ് ലക്ഷ്യമിടുന്നത്. ഓരോ നിയോജക മണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും നാല്‍പതോ അതിലധികമോ പട്ടികവര്‍ഗ കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ കോളനികളെ തിരഞ്ഞെടുത്ത് ഓരോ കോളനിയിലും ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കോളനിയിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തല്‍, ഇന്റര്‍നെറ്റ് സംവിധാനത്തോടു കൂടിയുള്ള സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം, റോഡ് നിര്‍മ്മാണം, ഭവന നിര്‍മ്മാണം, ഭവനങ്ങളുടെ പുനരുദ്ധാരണം, ആരോഗ്യം, ശുചിത്വ സംവിധാനങ്ങള്‍, കൃഷി ജലസേചനം, എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നത്. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചെമ്പക്കാട് കോളനി തിരഞ്ഞെടുത്തത്. ബേഡഡുക്ക ഗ്രാമപഞ്ചായത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.