വെസ്റ്റ് എളേരി, മടിക്കൈ പഞ്ചായത്തുകള്‍ക്ക് അംഗീകാരം

post

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പു വര്‍ഷത്തെ ഭേദഗതി പദ്ധതികളുടെ അംഗീകാരം സംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ വെസ്റ്റ് എളേരി, മടിക്കൈ പഞ്ചായത്തുകള്‍ക്ക് അംഗീകാരം ലഭിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പങ്കെടുത്തു.

പുതിയതായി 18 പ്രോജക്ടുകളാണ് വെസ്റ്റ് എളേരി പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. 87.32 ലക്ഷം രൂപയാണ് അടങ്കല്‍ തുക. 20 പദ്ധതികളാണ് ഭേദഗതി ചെയ്യുന്നത്. ഇതിനായി 5.47 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 9 പ്രോജക്ടുകള്‍ ഒഴിവാക്കി. മടിക്കൈ ഗ്രാമപഞ്ചായത്ത് 20 പ്രോജക്ടുകള്‍ പുതിയതായി ഏറ്റെടുത്തു. 1.81 കോടി രൂപയാണ് അടങ്കല്‍ തുക. 6.01 കോടി രൂപയുടെ 30 പ്രോജക്ടുകള്‍ ആണ് ഭേദഗതി ചെയ്യുന്നത്. 9 പ്രൊജക്ടുകള്‍ ഒഴിവാക്കി. പദ്ധതികള്‍ സമിതി ചര്‍ച്ച ചെയ്യുകയും അംഗീകാരം നല്‍കുകയും ചെയ്തു.

ബാക്കി പദ്ധതികള്‍ ഇന്ന്(നവംബര്‍ 8) പരിഗണിക്കും. ഭേദഗതി പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനായി നവംബര്‍ 15 വരെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ആധുനിക രീതിയിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയായി. നിര്‍വാഹണ ചുമതല എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കാനും തീരുമാനമായി. അടുത്ത വാര്‍ഷിക പദ്ധതി (2023 -24) തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കം ഒരുക്കാനും യോഗം നിര്‍ദ്ദേശിച്ചു.