തൃശ്ശിലേരിയില്‍ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

post

വയനാട് : തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു.  തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷത വഹിച്ചു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ചേലൂരില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബഡ്‌സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂളാണ് തൃശ്ശിലേരിയിലെ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റിയത്. തൃശ്ശിലേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ എല്‍പി വിഭാഗമാണ് ബഡ്‌സ് സ്‌കൂളാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന സ്‌കൂള്‍ കെട്ടിടം പഞ്ചായത്തിന് വിട്ടു നല്‍കുകയായിരുന്നു.  മൂന്ന് കെട്ടിടങ്ങളാണുള്ളത്. 18 വയസ്സുവരെയുള്ള ഭിന്നശേഷിക്കാര്‍ക്കാണ് പ്രവേശനം. 27 പേരാണ് ഇപ്പോള്‍ ബഡ്‌സ് സ്‌കൂളിലുള്ളത്. 
   ബുദ്ധിവൈകല്യം ,സെറിബ്രല്‍ പാള്‍സി ,ഓട്ടിസം തുടങ്ങിയവ ബാധിച്ചവര്‍ക്ക് പരിശീലനത്തിനും ഫിസിയോതെറാപ്പിക്കുമെല്ലാം ഇവിടെ സൗകര്യമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ഉള്‍പ്പടെ ജില്ലയിലെ 10 പഞ്ചായത്തുകളിലാണ് സ്‌കൂള്‍ അനുവദിച്ചത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കുവാന്‍ പാകത്തിനാണ് കെട്ടിടം നവീകരിച്ചത്. പുതിയ ഡിസേബിള്‍ഡ്  ടോയ്‌ലറ്റുകള്‍, അടുക്കള ,സ്മാര്‍ട്ട് ക്ലാസ്സ് റൂം, കളിക്കളം  എന്നിവയും ഒരുക്കിയിട്ടുണ്ട്.  പഞ്ചായത്ത് വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠന സാമഗ്രികളും വിതരണം ചെയ്തു.
     കുടംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത മുഖ്യ പ്രഭാഷണം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ പ്രഭാകരന്‍ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍. അനില്‍കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ദീന്‍ , പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍, വാര്‍ഡ് മെമ്പര്‍ എ.കെ.വിഷ്ണു, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഡാനിയേല്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.