സാഹിത്യപ്രതിഭകള്‍ക്ക് മലയാള ദിനത്തില്‍ ആദരവ്

മലയാള ദിനത്തില്‍ ബഹുഭാഷകളിലെ സാഹിത്യപ്രതിഭകള്‍ക്ക് ആദരവ്. കവി രാധാകൃഷ്ണന് പെരുമ്പള, കന്നഡ നോവലിസ്റ്റ് രാജശ്രീ.ടി.റായി പെര്‍ള എന്നിവരെയാണ് ജില്ലാഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് ആദരിച്ചത്. ഭാഷാപരമായ വേര്‍തിരിവില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നതായി ആദരസമര്‍പ്പണം. ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആദരസമര്‍പ്പണം നടത്തി.
കവികള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ലെന്നും പണത്തിന്റെ മൂല്യത്തെക്കാളെറെ വിലമതിക്കുന്നതാണ് നാട് നല്കുന്ന അംഗീകാരമെന്നും കവി രാധാകൃഷ്ണന് പെരുമ്പള പറഞ്ഞു. കന്നഡ, തുളു ഭാഷകളിലെ സാഹിത്യ സൃഷ്ടികള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെടണമെന്ന് രാജശ്രീ ടി.റായ് പെര്‍ള പറഞ്ഞു. എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷത വഹിച്ചു. പ്രസാദ് കരുവളം, കെ.ഗംഗാധര എന്നിവർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.