വിശിഷ്ട വ്യക്തികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ ആദരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം അതിവേഗം അര്‍ഹതപ്പെട്ടവരിലേക്കെത്താന്‍ പ്രവര്‍ത്തിച്ച ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ നല്ലനിലയില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം തുക വിതരണം ചെയ്യാന്‍ താല്‍പര്യം കാണിച്ച് മാതൃകാപരമായ സമീപനം സ്വീകരിച്ച ജില്ലാ കളക്ടര്‍ അഭിനന്ദനം അര്‍ഹിക്കപ്പെടേണ്ട ആളാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന വയോജന അവാര്‍ഡ് ജേതാവും പ്രമുഖ ചിത്രകാരനുമായ പി.എസ് പുണിഞ്ചിത്തായ, സംസ്ഥാന വയോജന അവാര്‍ഡ് ജേതാവും മുപ്പതോളം സംഗീതോപകരണങ്ങളില്‍ വിദഗ്ധനുമായ ഉസ്താദ് ഹസ്സന്‍ഭായ് , എന്‍ഡോസള്‍ഫാന്‍ ദുരിതഭൂമിയിലെ ഉദ്ദേശ്കുമാറിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിന് സ്വന്തം കൃതിയിലൂടെ കൈത്താങ്ങാവുന്ന കഥാകൃത്തും റെയില്‍വെയില്‍ റിസര്‍വേഷന്‍ സൂപ്പര്‍വൈസറുമായ ബിന്ദു മരങ്ങാട് എന്നിവരെയും മന്ത്രി ആദരിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി.പുഷ്പയെ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ആദരിച്ചു.