മുഖ്യമന്ത്രിയുടെ വാഗ്ദാനം അതിവേഗം സാഫല്യത്തിലേക്ക്; ലൈഫ് ഭവനസമുച്ചയത്തിനനുബന്ധമായി മികവുറ്റ സൗകര്യങ്ങള്‍

post

ആലപ്പുഴ: ലൈഫ് മിഷന്‍ ജില്ലയിലെ മൂന്നാംഘട്ടത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച (മാര്‍ച്ച് എട്ട് ) പറവൂരില്‍ മുഖ്യമന്ത്രി തറക്കല്ലിടുന്ന ഭവന സമുച്ചയമുള്‍ക്കൊള്ളുന്ന ഫഌറ്റിന് അനുബന്ധമായി ഒരുക്കുന്നത് കിടയറ്റ സൗകര്യങ്ങള്‍. ഹൈടെക് അങ്കണവാടി,സ്വന്തമായി കുടിവെള്ള,മാലിന്യ സംസ്‌കരണ സംവിധാനം, സെക്യൂരിറ്റി,പാര്‍ക്ക് എന്നിവയെല്ലാം ഭൂരഹിതര്‍ക്കുള്ള ഭവന സമുച്ചയത്തോടുചേര്‍ന്ന് ഉണ്ടാകും. പ്രീഫാബ് സാങ്കേതികവിദ്യ അവലംബിക്കുന്ന ഫഌറ്റിന്റെ നിര്‍മ്മാണം അതിവേഗം എട്ടുമാസംകൊണ്ട്  പൂര്‍ത്തിയാകുമെന്ന് കരാര്‍ സ്ഥാപനമായ ഹൈദരാബാദ് പെന്നാര്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരഹിതര്‍ക്കും സ്വന്തമായൊരു വീടെന്ന മുഖ്യമന്ത്രിയുടെ സ്വപ്‌നതുല്യ വാഗ്ദാനമാണ് അതിജീവനത്തിന്റെ നവ കേരളമാതൃകയായി സാഫല്യത്തിലേക്കെത്തുന്നത്.
ലൈഫ് പദ്ധതിയില്‍ ജില്ലയിലൊരുങ്ങുന്ന പ്രഥമ ഭവന സമുച്ചയ ഫഌറ്റില്‍ 500 ചതുരശ്ര അടി വിസ്തൃതിയിലായിരിക്കും ഓരോവീടും. ഓരോന്നിലും രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയുമുണ്ടാകും. ആലപ്പുഴ നഗരസഭ ലൈഫിന് വിട്ടുകൊടുത്ത 2.15 ഏക്കര്‍ സ്ഥലത്ത് ഏഴുനിലകളുള്ള രണ്ടുബ്ലോക്കുകളിലായി ഒരുങ്ങുന്ന ഫഌറ്റില്‍ ഇതുവരെ ഒരുതുണ്ടുഭൂമിപോലും സ്വന്തമായില്ലാതിരുന്ന 156കുടുംബങ്ങള്‍ക്കാണ് തലചായ്ക്കാന്‍ മികച്ചസൗകര്യങ്ങളോടെ വീട് ലഭിക്കുക.
ഇക്കാലത്തെ ഫഌറ്റുകളുടേതിന് സമാനമായ മികവുറ്റസൗകര്യങ്ങളാണ് ഭവന സമുച്ചയത്തോടുചേര്‍ന്ന് സജ്ജീകരിക്കുകയെന്ന് ലൈഫ് മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ പി പി ഉദയസിംഹന്‍ പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മൊത്തത്തില്‍ ഏകദേശം 35 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. പറവൂരിലെ പദ്ധതിപ്രദേശത്ത് തുടര്‍വികസനപ്രവര്‍ത്തനത്തിന് സാഹചര്യം നിലനിര്‍ത്തിക്കൊണ്ടാണ് ആദ്യ ഭവനസമുച്ചയം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഭൂരഹിതരുടെ പുനരധിവാസ പദ്ധതിയിലേക്ക് ജില്ലയില്‍ മൊത്തം പത്തൊന്‍പതിനായിരത്തോളം അപേക്ഷിച്ചിരുന്നു. ഇവരില്‍ അര്‍ഹരെന്നു കണ്ടെത്തിയ 7400 പേരില്‍ നിന്നാണ് ഇത്തവണത്തെ 156ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഭൂരഹിതരുടെ പുനരധിവാസത്തിന് ഭവന സമുച്ചയമൊരുക്കാന്‍ പറവൂരിനു പുറമെ മണ്ണഞ്ചേരി,തഴക്കര,പള്ളിപ്പാട് എന്നിവിടങ്ങളിലും സാഹചര്യമൊരുങ്ങിയിട്ടുണ്ട്. ലൈഫ് മൂന്നാംഘട്ടത്തില്‍ വീടൊരുക്കാന്‍ മറ്റ് 12 പ്ലോട്ടുകളും ലഭ്യമാണ്.