കായിക രംഗത്തെ മുന്നേറ്റത്തിന് രാജ്യത്ത് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം

post

കായിക രംഗത്തെ മുന്നേറ്റത്തിന് രാജ്യത്ത് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാനത്തിന്റെ കായിക സാധ്യത പൂര്‍ണമായി ഉപയോഗിക്കാനാവും വിധം കായിക വികസനത്തിന് പുത്തന്‍ കുതിപ്പ് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ യുജവനകേന്ദ്രം നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്‌കൂള്‍ തലത്തിലെ കായിക മേഖലയില്‍ സമൂലമാറ്റം ഉള്‍പ്പെടെ കൃത്യവും സമഗ്രവുമായ കായിക സംസ്‌കാരം രൂപപ്പെടുത്തിവരികയാണ്. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ലഘൂകരിക്കാന്‍ കായിക മേഖലക്ക് വലിയ പങ്കു വഹിക്കാനാകും. നിയമങ്ങള്‍ പാലിക്കാനുള്ള കഴിവ്, പരസ്പര സഹകരണം, സഹഭാവം എന്നിവയും രൂപപ്പെടുത്തുന്നതില്‍ കളിക്കളങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യം നിസ്തുലമാണ്. ഫുട്ബോള്‍ എന്ന ജനപ്രിയ കായിക ഇനം സംഘടിപ്പിക്കുന്നതിലൂടെ യുവജനങ്ങള്‍ക്കിടയില്‍ വലിയ ഊര്‍ജവും ആവേശവും പകര്‍ന്ന് നല്‍കാന്‍ ഈ ടൂര്‍ണ്ണമെന്റ് പ്രചോദനമാകും.

മദ്യ മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള മഹാ ദുരന്തങ്ങളിലേക്ക് ചുവടുമാറ്റുന്ന പുതു തലമുറയുടെ ഊര്‍ജ്ജവും ആരോഗ്യവും ക്രിയാത്മകമായി വിനിയോഗിക്കുന്നതില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വലിയ തോതില്‍ ഇടപെടാന്‍ സാധിക്കും. നല്ല കായിക സംസ്‌കാരത്തിന്റെ അഭാവം പുരോഗതിക്ക് വലിയ വെല്ലുവിളിയാണന്നും മന്ത്രി പറഞ്ഞു.