മോട്ടോര്‍ വാഹനവകുപ്പിന്റെ പരാതി പരിഹാര അദാലത്തില്‍ 203 പരാതികള്‍ പരിഗണിച്ചു

160 പരാതികളിന്‍മേല്‍ തീര്‍പ്പ്
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വാഹനീയം പരാതി പരിഹാര അദാലത്തില്‍ 203 പരാതികള്‍ പരിഗണിച്ചു. 160 പരാതികള്‍ തീര്‍പ്പാക്കി. വാഹനങ്ങളുടെ ആര്‍.സി യുമായി ബന്ധപ്പെട്ട് 70 ഉം ലൈസന്‍സുമായി ബന്ധപ്പെട്ട് 90 പരാതികളും അദാലത്തില്‍ തീര്‍പ്പാക്കി. പരിഹരിക്കാന്‍ ബാക്കിയുള്ളവ നികുതി അടവ്, പെര്‍മിറ്റ്, വാഹനം പൊളിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. തുടര്‍ യോഗങ്ങളില്‍ പരാതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
രാവിലെ 11.30ന് ആരംഭിച്ച അദാലത്ത് ഉച്ചയ്ക്ക് 2.30 വരെ നീണ്ടു. എം.എല്‍.എമാരായ എ.കെ.എം.അഷ്റഫ്, എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാലന്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.