നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല: ശുചിത്വ സര്‍വേ നവംബര്‍ ഒന്നു മുതല്‍

post

നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ലയുടെ ഭാഗമായുള്ള ശുചിത്വ സര്‍വേ നവംബര്‍ ഒന്നിന് ആരംഭിക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ല ശുചിത്വ സമിതി യോഗത്തിലാണ് തീരുമാനം.ജില്ലയുടെ ശുചിത്വ സ്ഥിതിവിവരണ കണക്ക് ലഭ്യമാക്കുന്നതിനാണ് സര്‍വേ നടത്തുന്നത്. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെയാണ് ജില്ലയില്‍ സര്‍വേ നടത്തുക. ഡിജിറ്റല്‍ സര്‍വേയാണ് നടത്തുക. വിശദമായ വിവരശേഖരണം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ സമ്പൂര്‍ണ ശുചിത്വ പദ്ധതി പൂര്‍ണമാവുകയുള്ളു. അതിന്റെ ഭാഗമായാണ് സര്‍വേ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന വിവരശേരണ സര്‍വേ ജില്ലാതല ശുചിത്വ കൗണ്‍സില്‍ പരിശോധിക്കും. ശുചിത്വ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ തല പരിശീലനവും നടത്തും. സര്‍വേയുടെ മേല്‍നോട്ടം റിസോഴ്സ് പേഴ്സണിനാണ്. ഒക്ടോബര്‍ 25, 26 തീയതികളില്‍ ജില്ലാ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. സര്‍വേക്കായി പ്രത്യേകം സോഫ്ട്വെയര്‍ നിര്‍മിക്കും. സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍വേയോടൊപ്പം ശുചിത്വവുമായി ബന്ധപ്പെട്ട ലഘുലേഖകളും വിതരണം ചെയ്യും. സോഫ്ട്വെയര്‍ തയാറാക്കല്‍, ലഘുലേഖ തയാറാക്കല്‍ എന്നിവയ്ക്ക് കണ്‍വീനറിനെ ചുമതലപ്പെടുത്തി.