അനധികൃത നിര്‍മാണം: ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന

post

പത്തനംതിട്ട :  അനധികൃത നിര്‍മാണം നടത്തുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് മിന്നല്‍ പരിശോധന നടത്തി. പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ഇസ്മയില്‍ സാഹിബ്, റഹ്മത്തു ബീവി എന്നിവരുടെ ഉടമസ്ഥതയിലുള്ള 196/15, 196/15 എ എന്നീ സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് കളക്ടര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
 കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവ് നേരത്തെ ഉടമസ്ഥര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലില്‍ നിന്നും സ്റ്റേ വാങ്ങി. ഈ സ്റ്റേ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. സ്റ്റേ നിലനിന്നിരുന്ന സമയത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി പരാതിക്കാര്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തെളിവുകള്‍ ശേഖരിച്ച് നടപടി എടുക്കും. ഇവയെല്ലാം ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി ഉടന്‍ നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നഗരസഭാ സെക്രട്ടറി എ.എം മുംതാസ്, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ സാം മാത്യു, അസിസ്റ്റന്റ് എഞ്ചിനീയര്‍ അനിതാകുമാരി, വില്ലേജ് ഓഫീസര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.