സ്‌കില്‍ ലോണ്‍ മേളയുമായി ലീഡ് ബാങ്കും അസാപ്പും

post

സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് ലീഡ് ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍ ലോണ്‍ ലഭ്യമാക്കുന്നു. നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, പഠനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ ഇഷ്ട തൊഴില്‍ മേഖലയില്‍ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും.

കോഴ്സ് കാലയളവിലും തുടര്‍ന്നുള്ള 6 മാസവും മൊറട്ടോറിയവും, മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും. കേരളത്തില്‍ നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ മൂലം കോഴ്‌സുകള്‍ക്ക് ചേരാന്‍ സാധിക്കാത്ത സാഹചര്യം ഒഴിവാകാന്‍ ഇത് സഹായകമാകും.

അക്കാദമിക വിദ്യാഭ്യാസത്തിനോടൊപ്പം തന്നെ നൈപുണ്യ പരിശീലനത്തിനും തുല്യ പരിഗണന നല്‍കുന്നതിനായി പ്രൊഫഷണല്‍ വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നത് പോലെ ഹ്രസ്വകാല നൈപുണ്യ പരിശീലനത്തിനും വായ്പകള്‍ ലഭ്യമാക്കേണ്ടതുണ്ട് എന്ന ആവശ്യം ഉയര്‍ന്നിരുന്നു. അസാപ് കേരളയും ലീഡ് ബാങ്കും തമ്മില്‍ നടത്തിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലം കണ്ടത്.

അസാപ് കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, എന്‍.എസ്.ക്യൂ.എഫ് / എന്‍.എസ്.ഡി.സി അംഗീകൃതമായ കോഴ്സുകള്‍ ചെയ്യുന്ന മറ്റു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും.


ഇതിന്റെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 14ന് കാസര്‍കോട് വിദ്യാനഗറിലെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലും, കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജിലും സ്‌കില്‍ ലോണ്‍ മേള നടക്കും. ഫോണ്‍ കാസര്‍കോട് 9495999641, കണ്ണൂര്‍ 7907828369.