ഗ്രാമീണ റോഡ് വികസനത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം

post

ഗ്രാമീണ റോഡുകള്‍ വികസന കുതിപ്പിലാണെന്നും ഗ്രാമീണ റോഡ് വികസനത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നവീകരിച്ച ബെണ്ടിച്ചാല്‍ കനിയാംകുണ്ട് എയ്യള പാദൂര്‍ കുഞ്ഞാമു ഹാജി മോഡല്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഗ്രാമീണ റോഡുകള്‍ ഘട്ടം ഘട്ടമായി വികസിപ്പിച്ചെടുക്കുകയാണ്. റോഡുകളുടെ വികസനം നാടിന്റെ പൊതുവികസനത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് റോഡുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച മോഡല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബെണ്ടിച്ചാല്‍ കനിയാംകുണ്ട് എയ്യള പാദൂര്‍ കുഞ്ഞാമു ഹാജി മോഡല്‍ റോഡ് നവീകരിച്ചത്. 1.51കോടി രൂപ ചെലവിലാണ് റോഡിന്റെ നവീകരണം പൂര്‍ത്തീകരിച്ചത്. കളനാട് ചട്ടഞ്ചാല്‍ പി.ഡബ്ല്യു.ഡി റോഡ് കണിയാംകുണ്ട് നിന്നും ആരംഭിച്ച് ബെണ്ടിച്ചാല്‍ വഴി കളനാട് ചട്ടഞ്ചാല്‍ പി.ഡബ്ല്യു.ഡി എയ്യളയില്‍ റോഡില്‍ അവസാനിക്കുന്നു.