ജില്ലയില്‍ 13596 വീടുകള്‍ ചരിത്രത്തില്‍ ഇടം തേടി ലൈഫ് പ്രഖ്യാപനം

post

വയനാട് ലൈഫ് ഭവന പദ്ധതി പ്രകാരം ജില്ലയില്‍ 13596 വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം നടന്നു.  സംസ്ഥാനത്ത് പൂര്‍ത്തിയായ 2 ലക്ഷം വീടുകളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ്  ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും ലൈഫ് കുടുംബസംഗമങ്ങള്‍ നടന്നത്. വൈകീട്ട് 4 ന് നടന്ന പ്രഖ്യാപന ചടങ്ങില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് ലഭിച്ച മുഴുവന്‍ കുടുംബങ്ങളും പങ്കെടുത്തു. സംഗമ വേദികളില്‍  മുഖ്യമന്ത്രിയുടെ സംസ്ഥാന തല പ്രഖ്യാപന ചടങ്ങിന്റെ തത്സമയ സംപ്രേഷണം നടന്നു. പഞ്ചായത്ത്, നഗരസഭാ തലത്തില്‍ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ അതത് പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ അദ്ധ്യക്ഷന്മാരും നടത്തി.
ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍ 890 വീടുകളും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 7035 വീടുകളുമാണ് പൂര്‍ത്തിയാക്കിയത്. ജനറല്‍ വിഭാഗത്തില്‍ 5693 വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. ജില്ലയില്‍ പൂര്‍ത്തിയായ 13596 വീടുകളില്‍ മാനന്തവാടി ബ്ലോക്കിലെ എടവക പഞ്ചായത്തില്‍ 535 ,തവിഞ്ഞാല്‍ പഞ്ചായത്തില്‍ 623 , തിരുനെല്ലി പഞ്ചായത്തില്‍ 616 ,തൊണ്ടര്‍നാട് പഞ്ചായത്തില്‍ 516 ,വെള്ളമുണ്ട പഞ്ചായത്തില്‍ 415 എന്നിങ്ങനെ 2705 വീടുകളാണ് ബ്ലോക്കില്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. പനമരം ബ്ലോക്കിലെ കണിയാമ്പറ്റ പഞ്ചായത്തില്‍ 460 ,പനമരം പഞ്ചായത്തില്‍ 532 ,പൂതാടി പഞ്ചായത്തില്‍ 887 ,പുല്‍പ്പള്ളി പഞ്ചായത്തില്‍ 341 ,മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ 283 എന്നിങ്ങനെ 2503 വീടുകള്‍ ബ്ലോക്കില്‍ പൂര്‍ത്തിയായി. കല്‍പ്പറ്റ ബ്ലോക്കിലെ പൊഴുതന പഞ്ചായത്തില്‍ 480, കോട്ടത്തറ പഞ്ചായത്തില്‍ 521, മേപ്പാടി പഞ്ചായത്തില്‍ 688, മൂപ്പൈനാട് പഞ്ചായത്തില്‍ 224, മുട്ടില്‍ പഞ്ചായത്തില്‍ 552, വെങ്ങപ്പള്ളി പഞ്ചായത്തില്‍ 366, വൈത്തിരി പഞ്ചായത്തില്‍ 203, തരിയോട് പഞ്ചായത്തില്‍ 224, പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 496 എന്നിങ്ങനെ ബ്ലോക്കില്‍ 3754 വീടുകള്‍ പൂര്‍ത്തിയായി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ അമ്പലവയല്‍ പഞ്ചായത്തില്‍ 325, മീനങ്ങാടി പഞ്ചായത്തില്‍ 515, നൂല്‍പ്പുഴ പഞ്ചായത്തില്‍ 381, നെന്‍മേനി പഞ്ചായത്തില്‍ 461 എന്നിങ്ങനെ ബ്ലോക്കില്‍ 1682 വീടുകളാണ് പൂര്‍ത്തിയായത്. കല്‍പ്പറ്റ നഗരസഭയില്‍ 673 വീടുകളും, മാനന്തവാടി നഗരസഭയില്‍ 947 വീടുകളും, ബത്തേരി നഗരസഭയില്‍ 758 വീടുകളും പൂര്‍ത്തിയായി.