വയോധികര്‍ക്ക് കൈത്താങ്ങായി അതിജീവനം പദ്ധതി

post

പാലക്കാട് : വയോധികരുടെ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കുന്നതിനായി കുഴല്‍മന്ദം ബ്‌ളോക്ക് പഞ്ചായത്തില്‍ ആരംഭിച്ച അതിജീവനം പദ്ധതി നിരവധി പേര്‍ക്ക് കൈതാങ്ങാകുന്നു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന 60 വയസ്സിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയാണ് അതിജീവനം. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തുടങ്ങിയ പദ്ധതിക്കായി 28 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമായി ഓരോ പഞ്ചായത്തില്‍ നിന്നും അഞ്ചു പേര്‍ വീതം ഏഴ് പഞ്ചായത്തുകളില്‍ നിന്നായി 35 വൊളന്റിയര്‍മാരെ തെരഞ്ഞെടുത്ത് കുഴല്‍മന്ദം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍ സര്‍വേ നടത്തി 60 വയസ്സിന് മുകളിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ചു. ജീവിതശൈലി രോഗങ്ങളായ ബ്ലഡ് പ്രഷര്‍, ഷുഗര്‍,  കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് പുറമേ ഹീമോഗ്ലോബിന്‍, കരള്‍ സംബന്ധമായ പരിശോധന, (എസ്.ജി.പി.ടി), വൃക്കയുമായി ബന്ധപ്പെട്ട പരിശോധന (സെറം ക്രിയാറ്റിനിന്‍) നടത്തിയതിന് ശേഷമുള്ള  ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാസത്തില്‍ ഒരു തവണ ഗുണഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ചുള്ള ഒരു പ്രദേശത്ത് വൊളന്റിയര്‍മാര്‍ പരിശോധന നടത്തും. കൊളസ്‌ട്രോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി ലിപിഡ് പ്രൊഫൈല്‍ അനലൈസര്‍ ഉപയോഗിച്ച് എച്ച്.ഡി.എല്‍, എല്‍.ഡി.എല്‍ പരിശോധന വീടുകളില്‍ നേരിട്ടെത്തി സൗജന്യമായി പദ്ധതി പ്രകാരം ചെയ്തുകൊടുക്കുന്നു.

പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ക്ക് നിലവില്‍ അതാത് ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് തുടര്‍ ചികിത്സ നല്‍കുന്നത്. മികച്ച ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിനായി അടുത്ത ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ ആറായിരത്തോളം പേരാണ് ഗുണഭോക്താക്കള്‍. 2019 നവംബര്‍ മാസത്തിലാണ് പദ്ധതി ആരംഭിച്ചത്. മാര്‍ച്ചോടു കൂടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട വയോധികരുടെ പൂര്‍ണ ആരോഗ്യവിവരങ്ങള്‍ തയ്യാറാക്കുകയും ആവശ്യമായ പദ്ധതികള്‍ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.