ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍, നിക്ഷേപക സംഗമം നടത്തി

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഉദുമ നിയോജക മണ്ഡലം അവലോകനയോഗവും നിക്ഷേപക സംഗമവും സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളിലായിരുന്നു പരിപാടി. ചെമ്മനാട് ,ദേലംപാടി, മുളിയാര്‍, കുറ്റിക്കോല്‍, പള്ളിക്കര, ഉദുമ, പുല്ലൂര്‍ പെരിയ, ബേഡഡുക്ക എന്നീ 8 പഞ്ചായത്തുകളാണ് ഉദുമ നിയോജക മണ്ഡലത്തിലുള്ളത്. വിവിധ മേഖലയിലുള്ള 75 നിക്ഷേപകര്‍/സംരംഭകര്‍ യോഗത്തില്‍ പങ്കെടുത്തു.
പഞ്ചായത്തുകളില്‍ നിയമിച്ചിട്ടുള്ള ഇന്റേണുകളുടെ നിലവിലെ ലക്ഷ്യവും പുരോഗതിയും നേരിട്ട് വിലയിരുത്തുകയും ജില്ലയുടെ വിവിധ വികസന സാദ്ധ്യതകളെ ഉള്‍ക്കൊള്ളിച്ച് വ്യവസായ വികസനം നടപ്പിലാക്കേണ്ട ആവശ്യകതയെക്കുറിച്ചും സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ സംസാരിച്ചു. വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍, സബ്സിഡികള്‍, പുതിയ പദ്ധതികള്‍ എന്നിവ നിക്ഷേപകര്‍ക്കായി ജനറല്‍ മാനേജര്‍ സജിത് കുമാര്‍ വിശദീകരിച്ചു. നിക്ഷേപകരുടെ വിവിധ പ്രശ്നങ്ങള്‍, സംശയങ്ങള്‍ എന്നിവ യോഗത്തില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു.
387 സംരഭങ്ങള്‍, 810 പേര്‍ക്ക് തൊഴില്‍
സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ സൂചികകള്‍ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യമിട്ടുള്ള ഒരുവര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയില്‍ നിലവില്‍ ഉദുമ മണ്ഡലത്തില്‍ 1199 സംരംഭങ്ങളാണ് ലക്ഷ്യം വെക്കുന്നത്. ഇതില്‍ 387 സംരംഭങ്ങളാണ് ഇതുവരെ ആരംഭിക്കാനായത്. 32.2 ശതമാനം സംരംഭങ്ങള്‍ ആരംഭിച്ചു. ചെമ്മനാട് പഞ്ചായത്തിലാണ് മണ്ഡലവത്തില്‍ ഏറ്റവും അധികം സംരംഭങ്ങള്‍ ആരംഭിച്ചത്. 104 പുതിയ സംരംഭങ്ങളാണ് പഞ്ചായത്തില്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചത്.
തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തിയ വായ്പാമേളയില്‍ 465 പേര്‍ പങ്കെടുത്തു. മണ്ഡലത്തില്‍ 17 പേര്‍ക്കായി 1.17 കോടി രൂപ വായ്പ അനുവദിച്ചു. പുതിയതായി ആരംഭിച്ച 387 സംരംഭങ്ങളിലൂടെ 19.47 കോടി രൂപയുടെ നിക്ഷേപവും 810 പേര്‍ക്ക് പുതിയ തൊഴിലും ലഭിച്ചു. 87 നിര്‍മ്മാണ സംരംഭങ്ങളും 102 സേവന സംരംഭങ്ങളും 199 കച്ചവട സംരംഭങ്ങളുമാണ് മണ്ഡലത്തില്‍ ആരംഭിച്ചത്.