പുത്തന്‍ മാര്‍ക്കറ്റ് അരൂരുകാരുടെ ദീര്‍ഘകാല സ്വപ്നം

post

ആലപ്പുഴ:  വേമ്പനാട്ടുകായലിനെ ആശ്രയിച്ചു കഴിയുന്ന അരൂരിലെ ജനങ്ങള്‍ വര്‍ഷങ്ങളായി മത്സ്യ വിപണനത്തിന് ആശ്രയിക്കുന്നത് അരൂര്‍ മത്സ്യമാര്‍ക്കറ്റിനെയാണ്. കാലപ്പഴക്കവും സൗകര്യക്കുറവുകളും മൂലം ബുദ്ധിമുട്ടിയിരുന്ന മാര്‍ക്കറ്റിന് മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ പുതു ജീവന്‍ നല്‍കിയപ്പോള്‍ സഫലമായത് ഒരു നാടിന്റെ കാത്തിരിപ്പ് കൂടിയാണ്. വെള്ളിയാഴ്ച വൈകിട്ട് ഫിഷറീസ്  മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് സാക്ഷ്യം വഹിക്കാനെത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50ലക്ഷം രൂപ, മുന്‍ അരൂര്‍ എംഎല്‍എ ആയിരുന്ന എ.എം ആരിഫ് എം.പിയുടെ  ആസ്തി വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 25ലക്ഷം രൂപ, അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ 10ലക്ഷം രൂപയുമുള്‍പ്പെടെ 85ലക്ഷം രൂപ മുതല്‍മുടക്കിലാണ് ആധുനികവത്ക്കരിച്ചത്. ദേശിയപാതയ്ക്കരികിലൂടെ കടന്നു പോകുന്ന അരൂര്‍  ഇടക്കൊച്ചി റോഡിനരികിലായാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. 2517 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മൂന്ന് ടോയ്‌ലറ്റ് ബ്ലോക്ക്,  ലേല ഹാള്‍ എന്നിവയും ചില്ലറ വില്‍പ്പനയ്ക്കായി 4 ടേബിളുകളും ഈ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ടോയ്‌ലറ്റ്,  മാര്‍ക്കറ്റ് എന്നിവ ദിനംപ്രതി കഴുകി വൃത്തിയാക്കുന്നതിന് വാട്ടര്‍ ടാങ്ക്,  പൈപ്പ് ലൈനുകള്‍ എന്നിവ സ്ഥാപിക്കുകയും  മുഴുവന്‍ സമയ വൈദ്യതിക്കായി ഇലക്ട്രിക് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ സംവിധാനം, മലിന ജലം ഒഴുക്കി വിടാനുള്ള ഓട, പാര്‍ക്കിംങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.  മത്സ്യങ്ങള്‍ കൊണ്ടുവന്നു ഇറക്കുന്നതിനുള്ള സൗകര്യത്തിനായി യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്ത്  ടൈലുകള്‍ പാകിയിട്ടുണ്ട്. ഭാവിയില്‍ മാര്‍ക്കറ്റ് വിപുലപെടുത്തുന്നതിനായി മുകളിലെ നില പണിയുന്നതിന് വേണ്ടി സ്റ്റെയര്‍കെയ്‌സും നിര്‍മിച്ചിട്ടുണ്ട്.
അരൂര്‍, കുമ്പളം, ഇടക്കൊച്ചി, ചന്തിരൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളാണ് ദിനം തോറും ഇവിടെ വില്‍പ്പനയ്ക്കായെത്തുന്നത്. ആലപ്പുഴ, എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ കായല്‍മത്സ്യം അന്വേഷിച്ച് മാര്‍ക്കറ്റിലെത്തുന്നുണ്ട്. കടല്‍ മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്.
അരൂരിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ മുഖ്യമായ പങ്ക് വഹിക്കുന്ന മാര്‍ക്കറ്റ് ആധുനികവത്ക്കരിച്ചതോടെ ഇവിടെ നിന്നുള്ള വരുമാനവും മാര്‍ക്കറ്റിനെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതവും നിലവിലേതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ പറയുന്നു. മത്സ്യതൊഴിലാളികള്‍ സംഭരിച്ച് കൊണ്ടു വരുന്ന മത്സ്യങ്ങള്‍ ശുചിയായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് മത്സ്യമാര്‍ക്കറ്റുകള്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ട്. വൃത്തിയുള്ള ഒരുമാര്‍ക്കറ്റ് തൊഴിലാളിയുടെയും ഉപഭോക്താവിന്റെയും അവകാശമാണ്, അരൂരിന് ഇനി അക്കാര്യത്തില്‍ അഭിമാനിക്കാം.