നീരുറവ് ' നീര്‍ത്തട പദ്ധതിയുമായി കൂടരഞ്ഞി പഞ്ചായത്ത്

post

'നീരുറവ് 'സമഗ്ര നീര്‍ത്തട പദ്ധതിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീര്‍ത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീര്‍ച്ചാലുകളുടെയും അവ ഉള്‍പ്പെടുന്ന നീര്‍ത്തടത്തിന്റെയും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.


പഞ്ചായത്തിലെ കൂട്ടക്കര നീര്‍ത്തട പ്രദേശത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. പ്രദേശത്ത് നടപ്പിലാക്കാന്‍ കഴിയുന്ന പ്രവൃത്തികള്‍ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. ചെക്ക് ഡാമുകള്‍, കിണര്‍ റീചാര്‍ജ്, ഫലവൃക്ഷ കൃഷിയിടങ്ങള്‍, പുരയിടങ്ങളില്‍ മഴക്കുഴി നിര്‍മ്മാണം, മാലിന്യ സംസ്‌കരണം, ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കല്‍, വ്യക്തിഗത ആസ്തി വികസനത്തിനായി തൊഴുത്തുകള്‍, ആട്ടിന്‍ കൂടുകള്‍, കോഴിക്കൂടുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കും. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.


നീര്‍ത്തടത്തിലെ ചെറിയ നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ നടത്തും. മണ്ണിനെയും ജലത്തെയും സംഭരിക്കാനും ജൈവസമ്പത്ത് വര്‍ധിപ്പിക്കുവാനും കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ജീവനോപാധിയും മെച്ചപ്പെടുത്തുന്നതിനും നീരുറവ നീര്‍ത്തട പദ്ധതിയിലൂടെ സാധ്യമാകും.