ചുനക്കരയില്‍ ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് തുടക്കം.

post

ആലപ്പുഴ :സംയോജിത കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാറും ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് ചുനക്കര ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പുലരി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം കോമല്ലൂര്‍ പാടത്തു തയ്യാറാക്കിയ കുളത്തില്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സുഗന്ധി പദ്ധതി വിശദീകരിച്ചു. കൊയ്ത്തിനു ശേഷം പാടത്ത് തയ്യാറാക്കിയ നഴ്‌സറി കുളത്തില്‍ കോമണ്‍ കാര്‍പ്, രോഹു, ഗ്രാസ് കാര്‍പ് എന്നീ ഇനങ്ങളില്‍പ്പെട്ട 5 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത് .
ജൂണ്‍ മാസത്തില്‍ പാടത്ത് വെള്ളം നിറയുമ്പോള്‍ മത്സ്യ കുഞ്ഞുങ്ങളെ പാടത്തേക്ക് തുറന്നു വിടും ഒരു ഹെക്ടറില്‍ നിന്നും കുറഞ്ഞത് 4000 കിലോ മത്സ്യ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ജി ഗോപകുമാര്‍ , വി.ആര്‍ രാജേഷ് ,പാടശേഖര സമതി സെക്രട്ടറി ശശിധരന്‍ പിള്ള , സി സുരേഷ്, കൃഷി ആഫിസര്‍ സരിത വി.എസ്,ഫിഷറീസ് പ്രമോട്ടര്‍ അന്നമ്മ സജി എന്നിവര്‍ സംസാരിച്ചു.