സ്കൂളുകളിൽ ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും

post

ജില്ലയിലെ വിദ്യാലയങ്ങൾ ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പി.ടി. എ പ്രസിഡൻ്റുമാരുടെ യോഗത്തിലാണ് തിരുമാനം.


ജില്ലയിലെ വിദ്യാലയങ്ങൾ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നം കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിലെ വർധനവാണെന്ന് യോഗത്തിൽ പി.ടി.എ പ്രസിഡൻ്റുമാർ ചൂണ്ടിക്കാട്ടി. ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താനും ഇതിനായി പോലീസിൻ്റെയും എക്സൈസിൻ്റെയും ഇടപെടലുകൾ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.


പല വിദ്യാലയങ്ങളിലും ചുറ്റുമതിൽ ഇല്ലാത്തത് സുഗമമായി ലഹരി എത്തുന്നതിന് കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റിരിയൽ കോസ്റ്റ് ഉപയോഗിച്ച് ചുറ്റുമതിൽ നിർമ്മാണം ആരംഭിക്കാനാകും. ചുറ്റുമതിലിന് പുറമെ സ്കൂളുകളിലെ അടുക്കള്ള നിർമ്മിക്കാനും തൊഴിലുറപ്പ് പദ്ധതിയിലുടെ കഴിയും.


സ്ഥലത്തിൻ്റെ അതിർത്തി രേഖകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് അവയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈയേറിയ ഭൂമികൾ വീണ്ടെടുക്കാൻ വേണ്ട സർവ്വേ നടപടികൾ ആരംഭിക്കും.

സ്കൂളിൽ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലെക്ക് കടുതൽ ആകർഷിക്കാൻ എൻ.സി.സി, എസ്.പി.സി എന്നിവക്ക് പുറമെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കും. ഗോത്ര വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായകരമായി സർക്കാർ നടപ്പിലാക്കിയ ഗോത്ര സാരഥി പദ്ധതി നടത്തിപ്പിലെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ട കാര്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപെടുത്താൻ യോഗം തിരുമാനിച്ചു.

സ്കൂളിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്താൻ സി.എസ്.ആർ ഫണ്ട്, പൂർവ്വ വിദ്യാർത്ഥികളുടെ സഹായം എന്നിവ പ്രയോജനപ്പെടുത്തണമെന്നും യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർദ്ദേശിച്ചു.