സുദൃഢം അയല്‍ക്കൂട്ട പ്രവേശന ക്യാമ്പയിനുമായി കുടുംബശ്രീ

കുടുംബശ്രീയില്‍ ഇതുവരെ അംഗമല്ലാത്ത ജില്ലയിലെ സ്ത്രീകള്‍ക്ക് അവസരമൊരുക്കി സുദൃഢം പദ്ധതി. പല കാരണങ്ങള്‍ കൊണ്ടും കുടുംബശ്രീയില്‍ അംഗമാകാന്‍ കഴിയാത്തവര്‍ക്കും അംഗത്വം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും സുദൃഢം പദ്ധതിയിലൂടെ അംഗമാകാം. എല്ലാ സി.ഡി.എസുകളിലും പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും സാമൂഹ്യമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ആളുകളെ ഉള്‍പ്പെടുത്താനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളാണ് കുടുംബശ്രീ ജില്ലാമിഷന്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജില്ലയില്‍ രണ്ടാഴ്ച നീളുന്ന സുദൃഢം പദ്ധതി നടത്തുന്നത്.
സുദൃഢം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കൂടിയാലോചന യോഗവും സിഡിഎസ് യോഗവും നടത്തി. സിഡിഎസ്, എഡിഎസ് മുഖേന എല്ലാ സിഡിഎസുകളിലും 15 ദിവസത്തെ ക്യാമ്പയിന്‍ നടത്തും.
ഒക്ടോബര്‍ രണ്ടിനകം ക്യാംപയിന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവരേയും അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വിട്ടു പോയവരേയും കണ്ടെത്തി ഉള്‍ച്ചേര്‍ക്കും. പുതിയ അയല്‍ക്കൂട്ട രൂപീകരണം, നിഷ്‌ക്രിയമായ അയല്‍ക്കൂട്ടങ്ങളെ പ്രവര്‍ത്തന സജ്ജമാക്കല്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് കണക്കെഴുത്ത് പരിശീലനം നല്‍കല്‍ എന്നിവ പദ്ധതിയിലൂടെ നടപ്പാക്കും. കൂടാതെ പട്ടികവര്‍ഗ്ഗ മേഖലകള്‍, ന്യൂനപക്ഷ, തീരദേശ മേഖലകള്‍, എന്നിവ കേന്ദ്രീകരിച്ച് സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം ഉറപ്പു വരുത്തും.
ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ കണ്ടെത്തി അവര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. തുടര്‍ന്ന് ഇവര്‍ക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകള്‍, ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നിവ ഉറപ്പാക്കും. ജില്ലയില്‍ 42 സിഡിഎസുകളിലായി 11,480 അയല്‍ക്കൂട്ടങ്ങള്‍ നിലവിലുണ്ട്. അജാനൂര്‍ പഞ്ചയാത്തിലാണ് ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ ഉള്ളത്. 447 അയല്‍ക്കൂട്ടങ്ങള്‍. കോടോം ബേളൂര്‍ പഞ്ചായത്തില്‍ 440 അയല്‍ക്കൂട്ടങ്ങള്‍ നിലവിലുണ്ട്.