ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന് പുത്തന്‍ ആശയങ്ങള്‍ തേടി അസാപ് റീബൂട്ട് ഹാക്കത്തോണ്‍

post

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാതല റീബൂട്ട് കേരള ഹാക്കത്തോണ്‍ ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ആലപ്പുഴ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) മോബി.ജെ  ഉദ്ഘാടനം ചെയ്തു.നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ഫാ. ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി അധ്യക്ഷത വഹിച്ചു. അസാപ് ഐ.ടി വിഭാഗം മേധാവി വിജില്‍ കുമാര്‍ വി.വി, നൈപുണ്യ  കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വിഷ്ണു ജി, അസാപ് ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് പ്രകാശ്, അസാപ് ചെറിയ കലവൂര്‍ സി.എസ്.പി ഇന്‍ ചാര്‍ജ് ശന്തനു പ്രദീപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിലെ, സാങ്കേതിക പരിഹാരം സാധ്യമായതും ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാര്യനിര്‍വ്വഹണം മെച്ചപ്പെടുത്താന്‍ സാധിക്കുന്നതുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുകയാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമാക്കുന്നത്. സംസ്ഥാനചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഹാക്കത്തോണ്‍ പരമ്പരയിലെ നാലാമത്തെ ഹാക്കത്തോണ്‍ ആണ് ചേര്‍ത്തലയില്‍ ആരംഭിച്ചത്. പ്രാഥമിക ഘട്ടമായ ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ പങ്കെടുത്തവരില്‍ നിന്നും മികച്ച പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച 27 ടീമുകളാകും ആദ്യത്തെ ഹാക്കത്തോണില്‍ പങ്കെടുക്കുക. തുടര്‍ച്ചയായ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ പ്രക്രിയയുടെ കൃത്യമായ ഇടവേളകളില്‍ പരിഹാരമാര്‍ഗ്ഗത്തിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പുരോഗമനം അതത് വകുപ്പുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതി വിലയിരുത്തുകയും, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ പത്തു പ്രാദേശിക ഹാക്കത്തോണുകളും തുടര്‍ന്ന് ഒരു ഗ്രാന്‍ഡ് ഫിനാലെയുമായിരിക്കും സംഘടിപ്പിക്കുക.