വയനാടിന്റെ മാതൃകയായി എ.ബി.സി.ഡിയും സ്‌കൂള്‍ ഡി.എം ക്ലബ്ബും; ജില്ലാ കളക്ടര്‍ക്കും ടീമിനും മന്ത്രിയുടെ അഭിനന്ദനം

post

ഇന്ത്യാ രാജ്യത്തിനു തന്നെ മാതൃകയായി വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ എ.ബി.സി.ഡി പദ്ധതി, സ്‌കൂള്‍ ദുരന്ത നിവാരണ ക്ലബ്ബുകളുടെ രൂപീകരണം എന്നിവയില്‍ ജില്ലാ കളക്ടര്‍ എ. ഗീതക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ പ്രത്യേക അഭിനന്ദനവും ആദരവും. മുഴുവന്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്കും ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കുകയെന്ന ഭാരിച്ച ചുമതല വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലാ ഭരണകൂടം നിര്‍വഹിച്ചത് സംസ്ഥാനം മാതൃകയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് പഞ്ചായത്തുകളില്‍ ഇതിനകം പൂര്‍ത്തിയായ പദ്ധതി ജില്ലയില്‍ പൂര്‍ണമാകുന്നതോടു കൂടി മികച്ച നേട്ടമാകും. മുഴുവന്‍ ആദിവാസികല്‍ക്കും രേഖകള്‍ ലഭ്യമായ ഇന്ത്യയിലെ തന്നെ ആദ്യ പഞ്ചായത്തായി തൊണ്ടര്‍നാട് മാറിയത് അഭിമാനകരമെന്നും മന്ത്രി പറഞ്ഞു.


രാജ്യത്തെ ദുരന്ത നിവാരണ സാക്ഷരതയ്ക്കും വയനാട്ടില്‍ നിന്നാണ് തുടക്കമിടുന്നത്. ഇന്ത്യയില്‍ ആദ്യമായി എല്ലാ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകള്‍ രൂപീകരിച്ച ജില്ലയായി വയനാട് മാറാന്‍ പോവുകയാണ്. ജില്ലയിലെ 197 ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 185 ലും 40 കുട്ടികളടങ്ങുന്ന ഡി.എം. ക്ലബ്ബുകള്‍ രൂപീകരിച്ചു കഴിഞ്ഞു. 8000 ത്തോളം കുട്ടികള്‍ക്ക് ഒരു വര്‍ഷം നീളുന്ന പരിശീലന പദ്ധതി ഒക്ടോബറില്‍ തുടങ്ങുകയാണ്. ദുരന്ത നിവാരണത്തിലും ലഘൂകരണത്തിലും വരുന്ന തലമുറയ്ക്ക് പരിശീലനം നല്‍കുന്ന ഈ പദ്ധതിയും വയനാട്ടില്‍ നിന്ന് തുടങ്ങുന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.