വർണ വിസ്മയം തീർത്ത് ബാലചിത്രരചന മത്സരം

post

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ദേശീയ ബാല ചിത്രരചനയുടെ ജില്ലാതല മത്സരം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലം കഴിഞ്ഞ് നാം ആഘോഷങ്ങളുടെയും മത്സരങ്ങളുടെയും ഓളങ്ങളിലേക്ക് ചേക്കേറുകയാണ്. ഈ ഉത്സാഹം വരയിലൂടെയും വർണങ്ങളിലൂടെയും പകരണം. ഓരോ ചിത്രവും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. നിങ്ങളുടെ ചിത്രങ്ങൾ പോലെ ജീവിതവും വർണമായി മാറട്ടെ എന്നും ജില്ലാ കളക്ടർ പറഞ്ഞു.

അഞ്ച്-ഒൻപത്, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച ചിത്രങ്ങൾ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാകുന്നത് വരെയോ ഇതിൽ ആദ്യം ഏത് എന്ന മാനദണ്ഡത്തിലും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സ്‌കോളർഷിപ്പ് ലഭിക്കും. ജില്ലാതല വിജയികൾക്ക് പിന്നീട് സർട്ടിഫിക്കറ്റ് നൽകും.