കാഞ്ഞങ്ങാട് നഗരസഭയിലും ഷെല്‍ട്ടര്‍ ഹോം തുറക്കുന്നു

കാഞ്ഞങ്ങാട് നഗരത്തിലിറങ്ങാന്‍ ഇനി തെരുവ് നായകളെ പേടിക്കേണ്ട. തെരുവ് നായ്ക്കളെ കൂട്ടിലടക്കാന്‍ ഷെല്‍ട്ടര്‍ ഹോം പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. നഗരത്തില്‍ അലഞ്ഞു തിരിയുന്ന അക്രമകാരികളായ തെരുവ് നായ്ക്കളെ കണ്ടത്തി ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കും.
ഹോട്ടല്‍, റസ്റ്റോറന്റ് തുടങ്ങിയ വ്യാപാരികളുമായി സഹകരിച്ച് നായകള്‍ക്ക് ഭക്ഷണം നല്‍കും. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ഊര്‍ജിത കര്‍മ്മ പദ്ധതികളാണ് കാഞ്ഞങ്ങാട് നഗരസഭ നടപ്പിലാക്കുന്നത്. അലക്ഷ്യമായി മാലിന്യം തള്ളുന്നത് തെരുവു നായ്ക്കള്‍ പെരുകാന്‍ പ്രധാന കാരണമെന്നിരിക്കെ നഗരത്തെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കി മാറ്റും. തെരുവുനായകള്‍ക്ക് വാക്സിന് ഉറപ്പാക്കും. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കുന്നതിനൊപ്പം ലൈസന്‍സും നല്കുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും.