അട്ടപ്പാടി ചിണ്ടക്കി ഊരില്‍ കലക്ടറുടെ അദാലത്ത്

post

പാലക്കാട്: ജില്ലാ ഭരണകൂടവും പട്ടികവര്‍ഗ വികസനവകുപ്പും സംയുക്തമായി അട്ടപ്പാടിയിലെ ചിണ്ടക്കി ഊരില്‍ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി ഊരുകളുടെ പ്രതിമാസ സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പൊതുപ്രശ്‌നങ്ങളും വീട്, ശുചിമുറി തുടങ്ങി വ്യക്തിഗത പരാതികളും അദാലത്തില്‍ ജനങ്ങള്‍ ഉന്നയിച്ചു. പൊതുവിഷയങ്ങളില്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും സ്വീകരിക്കുന്ന നടപടികള്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി വിശദീകരിച്ചു.

അദാലത്തില്‍ പ്രതിപാദിക്കുന്ന പ്രശ്‌നങ്ങള്‍ ഉടനെ ശ്രദ്ധയില്‍െപ്പടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 

ചിണ്ടക്കി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അദാലത്തില്‍ ചിണ്ടക്കി ഒന്ന് - രണ്ട് ഊരുകളിലെ പ്രദേശവാസികള്‍ പങ്കെടുത്തു. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍, അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ വാണിദാസ്, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമുവല്‍, വിവിധ വകുപ്പ് മേധാവികള്‍, ഊര് മൂപ്പന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.