കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഉണര്‍വുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു : മന്ത്രി വി. എസ് സുനില്‍കുമാര്‍

post

ആലപ്പുഴ : കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഉണര്‍വുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ പറഞ്ഞു. ചെറുധാന്യങ്ങള്‍  കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവയടക്കം ഉത്പാദിപ്പിക്കുന്ന,  അന്യം നിന്നുവന്നിരുന്ന പരമ്പരാഗതമായ കാര്‍ഷിക മേഖലയിലേക്കും കേരളത്തെ തിരികെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.   വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഓണാട്ടുകര എള്ള് പോലെയുള്ള കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് ഭൗമസൂചികാ സംരക്ഷണം നേടി ഇവയുടെ മൂല്യം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത്തരത്തിലുള്ള സവിശേഷമായ മൂല്യമുള്ള ഉത്പ്പന്നങ്ങള്‍ക്ക് ഭൗമസൂചികാ സംരക്ഷണം ലഭിക്കുന്നതോടെ ഇവയുടെ വില നിലവാരം മികച്ചതാകുകയും ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുകയും ചെയ്യും. ഓണാട്ടുകര എള്ളിന് ഭൗമസൂചികാ സംരക്ഷണം എന്ന വിഷയത്തില്‍ ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യു. പ്രതിഭ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓണാട്ടുകര എള്ളിന്റെ മൂല്യം ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന താരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നടന്നുവരുന്നതെന്ന് എം. എല്‍. എ പറഞ്ഞു. അഡ്വ: എ. എം ആരിഫ് എം. പി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.  ഓണാട്ടുകരയിലെ എള്ള് കൃഷി ശാസ്ത്രീയ സമീപനം എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ഒ.ആര്‍.എ.ആര്‍.എസ് മുന്‍ മേധാവി ഡോ :പി. സുഷമാകുമാരി ക്ലാസ് നയിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ ഡീന്‍ ഡോ. സ്വരൂപ് ജോണ്‍ ശില്‍പ്പശാലയില്‍ എള്ള് കര്‍ഷകരുമായി സംവദിച്ചുകൊണ്ട് അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.  ഐ. പി. ആര്‍. സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. സി. ആര്‍ എല്‍സി, കായംകുളം നഗരസഭ ചെയര്‍മാന്‍ എന്‍. ശിവദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ഗിരിജ, കേരള കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഓഫ് റിസേര്‍ച്  ഡോ :പി. ഇന്ദിരാദേവി, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. സുകുമാരപിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  ചടങ്ങില്‍ വെച്ച് ഭൗമസൂചക അപേക്ഷ എള്ളുല്‍പാദന  സംഘം ഭാരവാഹികള്‍ ചേര്‍ന്നു മന്ത്രിക്ക് കൈമാറി.