ഡി.ടി.പി.സിയുടെ ജില്ലാതല ഓണാഘോഷ പരിപാടികള്‍ 6 മുതല്‍ 10 വരെ

post

ജില്ലയെ വര്‍ണശബളമാക്കുന്ന 5 ദിനങ്ങള്‍

സംസ്ഥാന ടൂറിസം വകുപ്പിന്റെയും പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ ആറ് മുതല്‍ 10 വരെ രാപ്പാടി പ്രധാന വേദിയാക്കി ആറു വേദികളിലായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, കാഞ്ഞിരപ്പുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ ആറിന് വൈകീട്ട് 5.30 ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ദീപാലങ്കാര പ്രഭയില്‍ ഉദ്യാനങ്ങള്‍

ഓണാഘോഷങ്ങളുടെ ഭാഗമായി മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഉദ്യാനങ്ങളില്‍ പ്രത്യേക ദീപാലങ്കാരം ഉണ്ടായിരിക്കും. ആഘോഷം നടക്കുന്ന ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍ രാത്രി 12 വരെയാണ് ദീപങ്ങള്‍ തെളിയിക്കുക.