ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ജില്ലയില്‍ 1500 പേരെ സാക്ഷരരാക്കും

post

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ - തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ 1500 പേരെ സാക്ഷരരാക്കും. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നുമായി 15 വയസിനു മുകളിലുള്ള 85,000 നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ നിന്നും 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 1200 സ്ത്രീകളെയും 300 പുരുഷന്‍മാരെയും സാക്ഷരതാ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും.

900 പട്ടികവര്‍ഗ്ഗക്കാരും 150 പട്ടികജാതിക്കാരും 150 ന്യൂനപക്ഷക്കാരും 300 ജനറല്‍ വിഭാഗക്കാരും ഉള്‍പ്പെടും. മുട്ടില്‍, മൂപ്പൈനാട്, വെങ്ങപ്പള്ളി, കണിയാമ്പറ്റ, പനമരം, തിരുനെല്ലി, വെള്ളമുണ്ട, നെന്മേനി, എന്നീ പഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ നഗരസഭകളിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് അടിസ്ഥാന സാക്ഷരതാ ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.