ജില്ലയില്‍ 231596 കുടുംബങ്ങള്‍ക്ക് ഓണകിറ്റ്; വിതരണം ആഗസ്റ്റ് 23 മുതല്‍

post

സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഓണകിറ്റുകള്‍ ആഗസ്റ്റ് 23 മുതല്‍ ലഭിക്കും. ജില്ലയില്‍ 231596 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ ലഭ്യമാകുന്നത്. ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വ്വഹിക്കും. 447 രൂപ മൂല്യമുളള ഭക്ഷ്യക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പടെ പതിനാല് ഇനങ്ങളാണ് ഉള്‍പ്പെട്ടിട്ടുളളത്.

മഞ്ഞ കാര്‍ഡുകള്‍ക്ക് ആഗസ്റ്റ് 23, 24 തീയ്യതികളിലും പിങ്ക് കാര്‍ഡുകള്‍ക്ക് 25, 26, 27 തീയതികളിലും, നീല കാര്‍ഡുകള്‍ക്ക് 29, 30,31 തീയതികളിലും വെളള കാര്‍ഡുകള്‍ക്ക് സെപ്റ്റംബര്‍ 1,2,3 തീയതികളിലും ഓണകിറ്റ് വാങ്ങാം. നിശ്ചയിക്കപ്പെട്ട തീയതികളില്‍ ഭക്ഷ്യകിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4,5,6,7 തീയതികളില്‍ വാങ്ങാം. സെപ്തംബര്‍ 7ന് ശേഷം സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യില്ല. ജില്ലയില്‍ 53719 മഞ്ഞ കാര്‍ഡുകളും 73583 പിങ്ക് കാര്‍ഡുകളും 50088 നീല കാര്‍ഡുകളും, 53382 വെളള കാര്‍ഡുകളുമാണ് ഉളളത്. എന്‍.പി.ഐ കാര്‍ഡിലെ 824 ഉടമകള്‍കള്‍ക്കും ഭക്ഷ്യകിറ്റ് ലഭിക്കും.

ജില്ലയില്‍ സപ്ലൈകോയുടെ ഔട്ട്ലെറ്റുകളും മാവേലി സ്റ്റോറുകളും കേന്ദ്രീകരിച്ച് ഭക്ഷ്യക്കിറ്റുകളുടെ പായ്ക്കിംഗ് പുരോഗമിക്കുകയാണ്. കിറ്റിലെ ഇനങ്ങള്‍ ഇപ്രകാരമാണ്. 1 കിലോ പഞ്ചസാര, 500ഗ്രാം ചെറുപയര്‍, 250ഗ്രാം തുവരപരിപ്പ്, അര കിലോ ഉണക്കലരി, 500 മില്ലിലീറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം തേയില, 100ഗ്രാം മുളകുപൊടി, 100ഗ്രാം മഞ്ഞള്‍പൊടി, 50 ഗ്രാം കശുവണ്ടിപരിപ്പ്, 50 മി.ലി മില്‍മ നെയ്യ്, 20ഗ്രാം ഏലയ്ക്ക, 100ഗ്രാം ശര്‍ക്കരവരട്ടി/ചിപസ്, 1 കിലോ പൊടിഉപ്പ്, തുണിസഞ്ചി.