കർഷകർക്ക് താങ്ങായി കാങ്കോൽ വിത്തുൽപ്പാദന കേന്ദ്രം

post

ജില്ലയിലെ കർഷകർക്ക് താങ്ങായി ജില്ലാ പഞ്ചായത്തിന്റെ കാങ്കോൽ വിത്തുൽപ്പാദന കേന്ദ്രം. ഇവിടെ ഉൽപാദിപ്പിക്കുന്ന ഗുണമേന്മയുള്ള നെൽവിത്തുകളും പച്ചക്കറി വിത്തുകളും തൈകളുമാണ് ജില്ലയിലെ കൃഷിഭവനുകൾ വഴി കർഷകരിലേക്കെത്തുന്നത്. ഫാമിലെത്തുന്ന കർഷകർക്ക് നേരിട്ടും വിത്തുകൾ ലഭിക്കും. പ്രതിവർഷം ശരാശരി 10 ലക്ഷം രൂപയാണ് ഫാമിന്റെ വരുമാനം. 15 ലക്ഷം രൂപയുടെ പ്രൊജക്ടാണ് ജില്ലാ പഞ്ചായത്ത് ഇവിടെ നടപ്പാക്കുന്നത്.

10.4 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. 7.68 ഹെക്ടറിൽ രണ്ട് വിളകളിലായി നെൽകൃഷി ചെയ്യുന്നുണ്ട്. ശ്രേയസ് എന്ന ഇനമാണ് വിളയിക്കുന്നത്. ഇടവിളയായി ഉഴുന്നും പയറും നടും. ബാക്കി സ്ഥലത്ത് പച്ചക്കറികൾ, ഫലവർഗങ്ങൾ തുടങ്ങിയവയുമുണ്ട്. മുളക്, തക്കാളി, വഴുതന എന്നിവയുടെ തൈകളും വെണ്ട, വെള്ളരി, കുമ്പളം, ചീര, പയർ തുടങ്ങി 12 ഓളം ഇനം പച്ചക്കറികളുടെ വിത്തുകളും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ കുരുമുളക്, കവുങ്ങ്, പപ്പായ, പാഷൻ ഫ്രൂട്ട്, കോവൽ, കറിവേപ്പ്, പുതിന എന്നിവയും മഞ്ഞൾ, ചേന, ചേമ്പ് എന്നീ വിത്തുകളുമുണ്ട്. പോളിഹൗസ്, മഴമറ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

18 തൊഴിലാളികളാണ് ഫാമിലുള്ളത്. പവർ ടില്ലർ, ട്രാക്ടർ, ബ്രഷ് കട്ടർ, ട്രാൻസ്പ്ലാന്റർ, ഗാർഡൻ ടില്ലർ, കോനോ വീഡർ തുടങ്ങി ഇരുപതോളം ആധുനിക കാർഷികയന്ത്രങ്ങളുടെ സഹായത്തോടെയാണ് ഫാമിന്റെ പ്രവർത്തനം. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിനൊരു കൊട്ടപ്പൂവ് പദ്ധതിക്കായി മുപ്പത്തിനായിരം ചെണ്ടുമല്ലിത്തൈകൾ ഇതുവരെ ഉൽപാദിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുകോടി ഫല വൃക്ഷത്തെകൾ പദ്ധതിയിലേക്ക് 25000 തൈകളാണ് ഈ വർഷം തയ്യാറാകുന്നത്. ഇതിൽ 16500 തൈകൾ വിതരണം ചെയ്തു. നെൽവിത്തിന് കിലോഗ്രാമിന് 40 രൂപയും പച്ചക്കറി വിത്തുകൾക്ക് കിലോക്ക് 550 രൂപ മുതലാണ് വില. പച്ചക്കറി തൈകൾക്ക് മൂന്ന് രൂപ മുതലാണ് വില ഈടാക്കുന്നത്.