തൊഴില്‍ ഉറപ്പാക്കാന്‍ തളിപ്പറമ്പില്‍ 'ജോബ് സ്റ്റേഷന്‍'

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലം എംപ്ലോയ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി ജോബ് സ്റ്റേഷന്‍ ഒരുക്കുന്നു. തൊഴിലന്വേഷകര്‍ക്ക് കൃത്യമായ പരിശീലനവും സേവനങ്ങളും നല്‍കി തൊഴില്‍ സാധ്യതകള്‍ ഒരുക്കുകയാണ് ലക്ഷ്യം. മണ്ഡലത്തിലെ ആദ്യ ജോബ്‌സ്റ്റേഷന്‍ മൊറാഴ സ്റ്റെംസ് കോളേജില്‍ ഫെബ്രുവരി 22ന് ഉച്ചക്ക് 2.30ന് എം.വി. ഗോവിന്ദന്‍ മാസ്റ്റർ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ അധ്യക്ഷത വഹിക്കും.
തൊഴിലന്വേഷകരായ മുഴുവന്‍ ആളുകള്‍ക്കും കേരള നോളജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പ് വെബ്‌സൈറ്റ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുക, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കരിയര്‍ അസ്സസ്‌മെന്റ് അനാലിസിസ് ടെസ്റ്റുകള്‍ നടത്തി തത്സമയ കരിയര്‍ കൗണ്‍സലറുടെ സേവനം ലഭ്യമാക്കുക, വിവിധയിടങ്ങളില്‍ ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കുക, താല്‍പര്യമുള്ള ജോലിക്ക് അപേക്ഷിക്കുവാനുള്ള സൗകര്യം സൃഷ്ടിക്കുക, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനാവശ്യമായ കമ്യൂണിക്കേഷന്‍ ആന്റ് ഇന്റര്‍വ്യൂ സ്‌കില്‍സ് ട്രെയിനിംഗ് നല്‍കുക തുടങ്ങിയവയാണ് ജോബ് സ്റ്റേഷനിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍. ഫെബ്രുവരി 29നകം മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജോബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കും.