മട്ടന്നൂര്‍ റവന്യൂ ടവർ ഉദ്ഘാടനം ചെയ്തു

post

കണ്ണൂർ ജില്ലയിലെ മട്ടന്നൂര്‍ റവന്യൂ ടവറിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിർവഹിച്ചു. മട്ടന്നൂര്‍ ടൗണില്‍ പഴശ്ശി ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ മൂന്ന് ഏക്കറിലാണ് 34.3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റവന്യൂ ടവര്‍ നിര്‍മ്മിച്ചത്. 5234 ച.മീ. കെട്ടിടവും 511 ച.മീ. കാന്റീന്‍ ബ്ലോക്കുമാണ് നിര്‍മ്മിച്ചത്. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

2021 സെപ്തംബറില്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. ഗ്രൗണ്ട് ഫ്‌ളോറില്‍ ഇലക്ട്രിക്കല്‍ റൂം, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ്, കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ എ.ഇ.ഒ ഓഫീസ്, എസ്.എസ്.എ- ബി.ആര്‍.സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവയും രണ്ടാം നിലയില്‍ ഐ.സി.ഡി.എസ് ഓഫീസ്, എല്‍.എ കിന്‍ഫ്ര, മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എന്നിവയുമാണ് ഉള്ളത്. മൂന്നാം നിലയില്‍ എല്‍.എ എയര്‍പോര്‍ട്ട് ഓഫീസ്, ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ്, പഴശ്ശി ഇറിഗേഷന്‍, മട്ടന്നൂര്‍ വെക്റ്റര്‍ കണ്‍ട്രോള്‍ ഓഫീസ്, പുരാവസ്തു വകുപ്പ് ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാലാംനിലയില്‍ വീഡിയോ കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്.

കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സര്‍ക്കാരാണ് ഭരണത്തിലുള്ളതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോഴും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞിട്ടില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ത്തെരുക്കാന്‍ നോക്കുന്നു. എന്നാല്‍ കേരളം ലക്ഷ്യം വച്ച വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. റവന്യൂ ടവര്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ.കെ ശൈലജ ടീച്ചർ എം.എല്‍.എ അധ്യക്ഷത വഹിച്ചു.