കണ്ണൂരിൽ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് മൂന്നിന്

post

* 1,74,030 കുട്ടികള്‍ക്ക് വാക്‌സിൻ നല്‍കും

കണ്ണൂർ ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് മൂന്നിന് നടക്കും. 2143 ബൂത്തുകളിലായി 174030 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും. ജില്ലാതല ഉദ്ഘാടനം മൂന്നിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വ്വഹിക്കും. ജില്ലാ വികസന കമ്മീഷണര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.

അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വായനശാലകള്‍, വിമാനത്താവളങ്ങള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലും മൊബൈല്‍ ബൂത്തുകള്‍ വഴിയും തുള്ളി മരുന്ന് ലഭ്യമാക്കും. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകാരോഗ്യസംഘടന 2014 മാര്‍ച്ചില്‍ ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയല്‍രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗ സാധ്യത ഒഴിവാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

സോഷ്യല്‍ മീഡിയ വഴി പോളിയോ തുള്ളിമരുന്നിനെക്കുറിച്ച് വ്യാജ സന്ദേശം നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.